എംഎസ് ധോണിക്കെതിരെ കളിക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. ധോണിയുടെ എതിരാളി എന്ന നിലയിൽ ഒരുപാട് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള സഞ്ജു സാംസൺ മുൻ ഇന്ത്യൻ നായകനെ നന്നായി മനസിലാക്കി അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ.
വിരാട് കോഹ്‌ലിയുടെ പ്രശസ്തമായ കവർ ഡ്രൈവിനെക്കുറിച്ചുള്ള തൻ്റെ ചിന്തകളും സാംസൺ പങ്കുവെച്ചു. നിലവിൽ ലോകത്തെ കവർ ഡ്രൈവിൻ്റെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളാണ് കോഹ്‌ലി. കണ്ണഞ്ചിപ്പിക്കുന്ന കവർ ഡ്രൈവുകൾ കളിക്കുന്ന നിരവധി ബാറ്റർമാർ ഉണ്ട്, എന്നാൽ അതിൽ കോഹ്‌ലിയോളം മിടുക്കൻ ആയിട്ട് ആരുമില്ല എന്നും സഞ്ജു പറഞ്ഞു.
സ്‌പോർട്‌സ് ജേണലിസ്റ്റ് വിമൽ കുമാറിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, എംഎസ് ധോണിയുടെ നിലവാരമുള്ള ഒരു കളിക്കാരനെ നേരിടാൻ ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് സഞ്ജു സാംസൺ വെളിപ്പെടുത്തി. ധോണിയുടെ പേര് ചർച്ചകളിൽ ഉയർന്നുവരുമ്പോഴെല്ലാം ടീം അടുത്ത ബാറ്ററിലേക്ക് നീങ്ങാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എംഎസ് ധോണിക്കെതിരെ പ്ലാൻ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പ്ലാൻ ചെയ്യുമ്പോൾ മഹി ഭായിയുടെ പേര് വരുമ്പോൾ, അടുത്ത ബാറ്ററെക്കുറിച്ച് സംസാരിക്കാം എന്ന് ഞങ്ങൾ പറയും” സാംസൺ പറഞ്ഞു. കോഹ്‍ലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ-” കോഹ്‌ലി കാളികുനത് പോലെ കവർ ഡ്രൈവ് ഇത്ര ഭംഗി ആയി കളിക്കുന്ന താരം വേറെ ഇല്ല.” സഞ്ജു പറഞ്ഞു.
എന്തായാലും ടി 20 യിൽ നിന്ന് കോഹ്‌ലി വിരമിച്ച സാഹചര്യത്തിൽ സഞ്ജു ഉൾപ്പടെ ഉള്ള താരങ്ങൾക്ക് ഈ ഫോർമാറ്റിൽ കൂടുതൽ അവസരം കിട്ടിയേക്കും.