
കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടും, ടി-20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് മലയാളിയായ സഞ്ജു സാംസൺ. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് 3 തകർപ്പൻ സെഞ്ചുറികളാണ് സഞ്ജു അടിച്ചെടുത്തത്.
ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിനെ തിരഞ്ഞെടുക്കണം എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കര്‍. അവസാന 10 ഓവറുകളിൽ അടിച്ച് കളിയ്ക്കാൻ പറ്റുന്ന താരമാണ് ഇന്ത്യക്ക് വേണ്ടതെങ്കിൽ അതിനു പറ്റിയ കളിക്കാരൻ സഞ്ജു ആണെന്നാണ് സഞ്ജയുടെ അഭിപ്രായം.
സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത് ഇങ്ങനെ:
” ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജു ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്. കെ എൽ രാഹുലിനെയും സഞ്ജുവിനും ടീമിൽ സ്ഥാനം നൽകും എന്നാണ് എനിക്ക് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. അവസാന 10 ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഇന്ത്യക്ക് വേണ്ടതെങ്കിൽ സഞ്ജു മികച്ച ഓപ്‌ഷൻ ആയിരിക്കും” സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
എന്നാൽ സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാതെയിരുന്നത് ചിലപ്പോൾ ടീമിൽ നിന്ന് തഴയപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാകാൻ സാധ്യത ഉണ്ട് എന്നാണ് കമന്റേറ്റർ ആകാശ് ചോപ്രയുടെ വാദം. വരും ദിവസങ്ങളിൽ ടീമിന്റെ ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായേക്കാം.