
ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിലും കീപ്പിങ്ങിലും മോശമായ പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ച വെച്ചിരുന്നത്. മൂന്നു പന്തിൽ ഒരു റൺ ആയിരുന്നു താരത്തിന്റെ സംഭാവന. കൂടാതെ ഒരു റണൗട്ടും, ക്യാച്ചും പാഴാക്കുകയും ചെയ്തു. ഇതോടെ താരത്തിനെതിരെ വിമർശനവുമായി ഒരുപാട് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിന്റെ ബാറ്റിംഗ് പിഴവിനെ ചൂണ്ടിക്കാട്ടി കെ ശ്രീകാന്ത് സംസാരിച്ചു.
കെ ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:
“സഞ്ജു സാംസണിനെ എങ്ങനെ പൂട്ടാമെന്നു ഇംഗ്ലണ്ട് കണ്ടെത്തിക്കഴിഞ്ഞു. വാരിയെല്ലിനു നേരെ വരുന്ന ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ സഞ്ജു ശരിക്കും പതറുകയാണ്. അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും അവനു മനസ്സിലാവുന്നില്ല. മൂന്നു- നാലു തവണ ഒരേ പോലെയാണ് സഞ്ജു പുറത്തായിരിക്കുന്നത്”
“വാരിയെല്ലിന്റെ ഉയരത്തില്‍ വരുന്ന ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു തുനിഞ്ഞാണ് നിരന്തരം സഞ്ജു ഔട്ടാവുന്നത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ അവനെ കുരുക്കാനുള്ള തന്ത്രം മനസ്സിലാക്കി കഴിഞ്ഞു. ബോളിനു അല്‍പ്പം വേഗത കൂടുകയും അതു വാരിയെല്ലിന്റെ ഉയരത്തില്‍ വരികയും ചെയ്യുമ്പോള്‍ അതിനെ എങ്ങനെ മറികടക്കാമെന്നു സഞ്ജുവിനറിയില്ല”
കെ ശ്രീകാന്ത് തുടർന്നു:
എന്നാല്‍ ഓഫ്സ്റ്റംപിന് പുറത്തു ബോളുകളെറിഞ്ഞാല്‍ അവന്‍ അതിനെ അനായാസം അടിച്ചു പറത്തുകയും ചെയ്യും. ഇക്കാര്യം വളരെ വ്യക്തമാണ്. ഓഫ്സ്റ്റംപിന് പുറത്ത് അല്‍പ്പം പഴുതു നല്‍കിയാല്‍ എളുപ്പത്തില്‍ ഷോട്ടുകള്‍ കളിക്കുന്നയാളാണ് സഞ്ജു. പക്ഷെ വാരിയെല്ലിനു നേരെ വരുന്ന ഷോര്‍ട്ട് ബോളില്‍ സഞ്ജു പതറുകയാണ്” കെ ശ്രീകാന്ത് പറഞ്ഞു.