
അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെ 150 റൺസിന് തകർത്ത് ഇന്ത്യ ടി 20 പരമ്പര 4-1ന് പരമ്പര സ്വന്തമാക്കി. കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ഇന്ത്യയുടെ വക സമ്പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ അഭിഷേക് ശർമയാണ് കളിയിലെ താരം. 54 പന്തിൽ 13 സിക്‌സറുകളും 7 ഫോറുകളും സഹിതം 135 റൺസ് നേടിയ അദ്ദേഹം ഇന്ത്യയെ 20 ഓവറിൽ 247/9 എന്ന നിലയിൽ എത്താൻ സഹായിച്ചപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 97 റൺസിന് പുറത്താക്കി.
ബാറ്റിംഗിൽ ഓപ്പണർ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിരാശപെടുത്തിയത് ഇന്ത്യക്ക് സങ്കടമായി. ഇരുവരും അഞ്ച് മത്സരത്തിലും ഒന്നിൽ പോലും നല്ല പ്രകടനം നടത്തിയില്ല. ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ സഞ്ജുവിനും സൂര്യകുമാറിനും സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. ഇത് കൂടാതെ സെഞ്ച്വറി വീരൻ അഭിഷേകിനെയും അദ്ദേഹം അഭിനന്ദിച്ചു.
അഭിഷേകിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ടി20 ഇന്നിംഗ്സുകളിൽ ഒന്നാണിത്. അവൻ്റെ ചില ഷോട്ടുകൾ നോക്കൂ. ഈ ഫോർമാറ്റിൽ കളിക്കുന്ന താരങ്ങളോട് നിങ്ങൾ ക്ഷമ കാണിക്കണം. അവരിൽ നിന്ന് മികച്ച പ്രകടനം വരും, ഒരുപക്ഷെ എല്ലാ മത്സരങ്ങളിലും അവർക്ക് തിളങ്ങാൻ സാധിക്കൂ എന്ന് വരില്ല.”
സഞ്ജുവിനെക്കുറിച്ചും സൂര്യകുമാറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“അവർ ഞങ്ങളുടെ ആശയങ്ങൾ സ്വീകരിക്കുകയും ടീമിനായി അവരുടെ ഏറ്റവും മികച്ചത് നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങൾക്ക് അവരെ പിന്തുണയ്ക്കേണ്ടതുണ്ട്,” ഗൗതം ഗംഭീർ പറഞ്ഞു.
യശസ്വി ജയ്‌സ്വാളിനെയും ശുഭ്‌മാൻ ഗില്ലിനെയും പോലെ ഉള്ള താരങ്ങൾ ടി 20 ടീമിൽ സ്ഥിരസ്ഥാനത്തിനായി നോക്കി നിൽക്കുമ്പോൾ മോശം പ്രകടനം നടത്തിയാൽ സഞ്ജു സാംസണ് ടീമിൽ സ്ഥാനം നഷ്ടമാകും.