മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഗസ്റ്റ്ഹൗസുകള്‍ നിര്‍മ്മിച്ചുവരികയാണെന്നും നിലയ്ക്കലില്‍ രണ്ടായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തര്‍ക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അങ്കണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടേയും സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാനായി. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരും പ്രധാന പങ്ക് വഹിച്ചു. ഇതിലൂടെ ബോര്‍ഡിന് കൂടുതല്‍ മികവോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും. വിവരങ്ങള്‍ കൃത്യമായി എല്ലാവരിലും എത്തിക്കാന്‍ ഡിജിറ്റൈസേഷന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ കിഫ്ബി പദ്ധതിയിലൂടെ 130 കോടിരൂപ ചെലവിട്ട് നാല് ഇടത്താവളങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്ന് അദ്ധ്യക്ഷനായിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. യാത്രാ സൗകര്യം, ആരോഗ്യപരിപാലനം, ദാഹജലം, വൈദ്യുതി, പാര്‍ക്കിംഗ്, പൊലീസ് സേവനം ഉള്‍പ്പെടെ വിപുലമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി നിരന്തരം ചര്‍ച്ച നടത്തി അവലോകനയോഗങ്ങള്‍ സംഘടിപ്പിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാടിനുള്ള സഹായമായി 1 കോടി രൂപ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി.
Posted inKERALAM