പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെയായിരുന്നു പരിശോധനയെന്നും ഷാഫി പറഞ്ഞു. അതേസമയം പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഷാഫി പറഞ്ഞു.

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ നടത്തിയ പരിശോധന കൃത്യമായ നാടകമാണ്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അർധരാത്രി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധനയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട സംഘര്‍മാണ് ഉടലെടുത്തത്. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ഇന്നലെ അര്‍ധരാത്രി പൊലീസ് സംഘം ഹോട്ടലില്‍ പരിശോധനക്കെത്തിയത്.

പൊലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി.

ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവ‍ർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു. അതേസമയം ഹോട്ടലില്‍ പണം എത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *