‘മതനിന്ദ’ കേസില്‍ സിഖുകാരുടെ പരമോന്നത സംവിധാനമായ അഖാല്‍ തഖ്ത് നല്‍കിയ മതശിക്ഷ അനുഭവിക്കാന്‍ തുടങ്ങി പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍. ഇന്ന് രാവിലെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ കവാടത്തില്‍ വീല്‍ചെയറില്‍ കഴുത്തില്‍ ഫലകം ധരിച്ച് കുന്തവും പിടിച്ച് അകാലിദള്‍ നേതാവ് ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമെല്ലാമായിരുന്ന സുഖ്ബീര്‍ സിങ് ബാദലിനെ ഭരണകാലത്തെ മതനിന്ദ കാര്യങ്ങള്‍ക്കാണ് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷിച്ചത്. സിഖുകാരുടെ ‘മതകോടതി’ സംവിധാനത്തില്‍ തെറ്റുകളേറ്റ് പറഞ്ഞാണ് രാഷ്ട്രീയ നേതാവ് മതപരമായ ശിക്ഷ ഏറ്റുവാങ്ങിയത്.
സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശൗചാലയവും വൃത്തിയാക്കണം എന്നതാണ് അകാല്‍ തഖ്തിന്റെ പ്രധാന ശിക്ഷ. സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ ‘സേവാദര്‍’ സേവനത്തിനും ഉത്തരവുണ്ട്. രണ്ടുദിവസം കുന്തവും പിടിച്ച് കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം. ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം എന്നാണ് അകാല്‍ തഖ്തിന്റെ തീര്‍പ്പ്. ഇന്ന് രാവിലെ തന്നെ മതശിക്ഷ ഏറ്റുവാങ്ങി മുന്‍ മുഖ്യമന്ത്രി അവശതകള്‍ പോലും അവഗണിച്ച് വീല്‍ചെയറില്‍ സുവര്‍ണക്ഷേത്രത്തിലെത്തി. രാവിലെ സുവര്‍ണക്ഷേത്രത്തിലെ പാത്രങ്ങള്‍ കഴുകിയാണ് ശിക്ഷാനടപടികള്‍ സ്വീകരിച്ചത്. മുതിര്‍ന്ന അകാലിദള്‍ നേതാവും ബാദലിന്റെ സഹോദരി ഭര്‍ത്താവുമായ ബിക്രം സിങ് മജീദിയയും ശിക്ഷ ഏറ്റുവാങ്ങി.
സിഖ് മതം പാവന ഗ്രന്ഥമായി കരുതുന്ന ഗുരു ഗ്രന്ഥ സാഹിബിനെ ദരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം നിന്ദിച്ച സംഭവത്തില്‍ ഭരണത്തിലിരുന്ന സമയം അനുകൂലിച്ചതിനാണ് ബാദലിനെ അകാല്‍ തഖ്ത് ‘സേവാദര്‍’ ആയി പ്രവര്‍ത്തിക്കാന്‍ ശിക്ഷിച്ചത്. നിരവധി ഗുരുദ്വാരകളില്‍ അടുക്കളയിലും ശൗചാലയത്തിലും വൃത്തിയാക്കല്‍ ചുമതലയും ഏല്‍പ്പിച്ചു. സംഭവത്തില്‍ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് ബാദല്‍ മാപ്പ് അപേക്ഷിച്ചിരുന്നു. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ വിധിച്ചു. അവരും നേതാവിനൊപ്പം സിഖ് പരമോന്നത നീതിപീഠത്തിന്റെ ശിക്ഷ അനുഭവിക്കാന്‍ എത്തിയിട്ടുണ്ട്.
ബാദലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിങ് ബാദലിന് സിഖ് സമൂഹത്തിന്റെ അഭിമാനം എന്ന നിലയില്‍ നല്‍കിയ ഫഖ് ര്‍ ഇ ക്വാം ബഹുമതി എടുത്തുകളയാനും ഈ ശിക്ഷാനടപടിയുടെ ഭാഗമായി തീരുമാനിച്ചിരുന്നു. അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ സിഖ് നിയമപീഠം ശിക്ഷിച്ചത്. മോശം പെരുമാറ്റത്തിനുള്ള മതപരമായ ശിക്ഷയായ ‘തന്‍ഖാ’ സിഖുകാരുടെ അഞ്ച് പ്രധാന പുരോഹിതന്മാര്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
തെറ്റുകാരനെന്ന് സിഖ് പരമോന്നത സംവിധാനം വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടി തലവനായ ബാദലിന്റെ രാജി അംഗീകരിക്കാന്‍ അകാലിദള്‍ പ്രവര്‍ത്തക സമിതിയോട് അകല്‍ തഖ്ത് ജതേദാര്‍ ഗിയാനി രഘ്ബീര്‍ സിംഗ് ആവശ്യപ്പെട്ടു.