‘ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഈ കാലത്ത് ഏറെ പ്രസക്തം’; മാർപാപ്പ

‘ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഈ കാലത്ത് ഏറെ പ്രസക്തം’; മാർപാപ്പ

ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഈ കാലത്ത് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവ മത സമ്മേളനത്തിലാണ് മാർപ്പാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശ്രീനാരായണ ഗുരു തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണെന്നും മാർപ്പാപ്പ പ്രഭാഷണത്തിൽ പറഞ്ഞു.

രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെണെന്നാണ് മാർപ്പാപ്പ ഓർമ്മിപ്പിച്ചത്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.

ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്‌ ലോക സർവമത സമ്മേളനം വത്തിക്കാനിൽ സംഘടിപ്പിക്കുന്നത്‌. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഗുരു രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്.

കർണാടക സ്പീക്കർ യുടി ഖാദർ ഫരീദ്, കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവരും സമ്മേളനത്തിൽ സംസാരിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *