സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ഇസ്ലാമിസ്റ്റ് വിമതർ ഡമാസ്കസിൽ അധികാരം പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷം സിറിയയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസി ഡമാസ്‌കസിൽ പ്രവർത്തനം തുടരുകയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുമായും ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 90 ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ട്. ഇതിൽ 14 പേർ യു എനിന്റെ വിവിധ സംഘടനകളിൽ ജോലി ചെയ്യുന്നു. തലസ്ഥാനമായ ഡമാസ്‌കസിൻ്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തതോടെ സിറിയൻ സർക്കാർ ഞായറാഴ്ച പുലർച്ചെ തകർന്നിരുന്നു. അസദ് റഷ്യയിലേക്ക് രാജ്യം വിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ 50 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു.
തലസ്ഥാനമായ ഡമാസ്‌കസിലേക്ക് മാർച്ച് നടത്തിയതിന് ശേഷം പ്രസിഡൻ്റ് ബശ്ശാറുൽ അസദിന്റെ 24 വർഷത്തെ ഭരണം ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം പിടിച്ചെടുത്തതായി വിമതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ പ്രധാന നഗരമായ ഹോംസിൻ്റെ മേൽ പൂർണ നിയന്ത്രണം നേടിയതായി സിറിയൻ വിമതർ പ്രഖ്യാപിക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
സെൻട്രൽ സിറ്റിയിൽ നിന്ന് സൈന്യം പിൻവാങ്ങിയതിന് ശേഷം ആയിരക്കണക്കിന് ഹോംസ് നിവാസികൾ തെരുവിലേക്ക് ഒഴുകി. “അസാദ് പോയി, ഹോംസ് സ്വതന്ത്രനായി” എന്ന് മുദ്രവാക്യം വിളിക്കുകയും നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്തു.