സിറിയയില്‍ എച്ച്ടിഎസ് വിമതര്‍ ഭരണം പിടിച്ചതിനു പിന്നാലെ ഇസ്രയേലിന്റെയും ആമേരിക്കയുടെയും ആക്രമണം. തലസ്ഥാനമായ ഡമാസ്‌കസ് ഉള്‍പ്പെടെയുള്ള നാലു പ്രധാന നഗരങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മധ്യസിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് യുഎസ് നടത്തിയത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിമതര്‍ അട്ടിമറിച്ച പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ആക്രമണം. ഐഎസിന്റെ 75-ലേറെ താവളങ്ങള്‍ തകര്‍ത്തെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഐഎസ് മുതലെടുക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. ബി-52, എഫ്-15, എ-10 ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം.
ഡമാസ്‌കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും ദാരയും ഇസ്രയേല്‍ ആക്രമിച്ചു. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിന്‍ഷാര്‍ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്റബ വിമാനത്താവളം എന്നിവയാണ് ആക്രമിച്ചത്.
ഹെലികോപ്ടറുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ സജ്ജമാക്കിയിരുന്ന മൂന്ന് സൈനിക താവളങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തിയെന്ന് സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.