‘എന്താ അഭിനയം; വിജയ് സേതുപതിക്ക് ദേശീയ അവാര്‍ഡ് ഉറപ്പ്’

‘എന്താ അഭിനയം; വിജയ് സേതുപതിക്ക് ദേശീയ അവാര്‍ഡ് ഉറപ്പ്’

വിജയ് സേതുപതി നായകനായ ചിത്രം ‘വിടുതലൈ 2’ലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്. വെട്രി മാരന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. 2023ല്‍ പുറത്തിറങ്ങിയ ‘വിടുതലൈ’ ഭാഗം ഒന്നില്‍ സൂരിയായിരുന്നു നായകന്‍. വെട്രിമാരന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇത് മാറി. വെട്രിമാരന്‍റെ ‘കള്‍ട്ട് ക്ലാസിക്’ എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെട്ടത്.

രണ്ടാം ഭാഗം എത്തുമ്പോള്‍ ആരാധകര്‍ അതിലേറെ പ്രതീക്ഷയിലായിരുന്നു. നിലവില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എങ്കിലും വിജയ് സേതുപതിയുടെ അഭിനയത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ജയമോഹന്‍റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സൂരി, മഞ്ജു വാര്യര്‍, ഗൗതം വാസുദേവ് മേനോന്‍, ഭവാനി ശ്രീ, രാജീവ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്‍റെ മൂന്നാം ഭാഗവും സംഭവിച്ചേക്കാമെന്ന സൂചനകള്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. വിജയ് സേതുപതി തന്നെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ‘ഈ കഥ ഇനിയും തുടരാന്‍ കഴിയും. എക്സ്റ്റന്റഡ് കട്ട് ആയിട്ട് ഈ ചിത്രത്തിനെ അദ്ദേഹം ഇനിയും വിടുമെന്നാണ് എനിക്ക് തോന്നുന്നത്. അതെല്ലാം വെട്രിമാരന്റെ കയ്യിലാണുള്ളത്. മൂന്നാം ഭാഗത്തിലേക്ക് കടക്കാനുള്ള കഥയുണ്ട്. രണ്ടാം ഭാഗത്തോടെ തീര്‍ക്കാം എന്നു കരുതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പക്ഷേ അങ്ങനെയല്ല, ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും വേര്‍തിരിച്ച് ഒറ്റയ്ക്ക് പല ചിത്രങ്ങളാക്കാന്‍ പോലും കഴിയും. ഞാന്‍ തന്നെ വെട്രിമാരനോട് പറഞ്ഞിട്ടുണ്ട് വിടുതലൈയുടെ മൂന്നാം ഭാഗം ചെയ്യാമെന്ന്. 

സൂരിയുടെ കുമരേസന്‍, മഹാലക്ഷ്മി എന്ന മറ്റൊരു കഥാപാത്രം, ഇവരുടെയൊക്കെ കഥകള്‍ വേര്‍തിരിച്ചെടുക്കാം. ഒരു സീനില്‍ ഞാനും മഹാലക്ഷ്മിയും കൂടി കണ്ടുമുട്ടുന്ന ഭാഗമുണ്ട്, അതുമുതല്‍ മഹാലക്ഷ്മി എന്നെ മനസിലാക്കുന്നതുവരെ ഒരു സിനിമക്കുള്ള സാധ്യതയുണ്ടാകും. മഹാലക്ഷ്മി വിത്ത് ത്രീ കിഡ്‌സ് എന്ന് വേണമെങ്കില്‍ പേരും നല്‍കാം’ എന്നായിരുന്നു താരം പറഞ്ഞത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *