‘സംസാരിക്കാൻ വയ്യ, ശരീരം വിറക്കുന്നു, നടക്കാൻ സഹായം വേണം’; വിശാലിന് എന്തുപറ്റിയെന്ന് ആരധകർ

‘സംസാരിക്കാൻ വയ്യ, ശരീരം വിറക്കുന്നു, നടക്കാൻ സഹായം വേണം’; വിശാലിന് എന്തുപറ്റിയെന്ന് ആരധകർ

തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിശാൽ. ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച  ആക്ഷൻ  സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

ഇപ്പോഴിതാ വിശാലിൻ്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രി-റിലീസ് ചടങ്ങിൽ നിന്നുള്ള വിശാലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിഡിയോയിൽ വിശാൽ സംസാരിക്കാൻ പ്രയാസപ്പെടുന്നത് കാണാം. നടക്കാനും സഹായം വേണം. ഈ വീഡിയോ താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആരാധകരിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

‘മദ ഗദ രാജ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ദൃശ്യങ്ങളിൽ നടക്കാനും സംസാരിക്കാനുമൊക്കെ ബുദ്ധിമുട്ടുന്ന വിശാലിനെയാണ് കാണാൻ സാധിക്കുന്നത്. വളരെ ക്ഷീണിതനായാണ് വീഡിയോയിൽ വിശാൽ കാണപ്പെടുന്നത്. താരത്തിന് നടക്കാൻ സഹായിയുടെ സഹായം വേണ്ടി വരുന്നുണ്ട്. കൈകളും ശരീരവും വിറക്കുന്നുണ്ട്. മൈക്ക് പിടിക്കാൻ പോലും വിശാലിന് സാധിക്കുന്നില്ല. ശരീരം വല്ലാതെ മെലിയുകയും ചെയ്തിട്ടുണ്ട്. സംസാരിക്കുമ്പോൾ നാക്ക് കുഴയുകയും ചെയ്യുന്നുണ്ട്.

വീഡിയോ കണ്ട ആളുകൾ ഒരേസ്വരത്തിൽ ചോദിക്കുന്നത് വിശാലിന് ഇത് എന്ത് പറ്റിയെന്നാണ്. എന്താണ് താരത്തിന് സംഭവിച്ചതെന്ന ആശങ്കയിലാണ് ആരാധകർ. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ ആശങ്ക പങ്കുവച്ചിരിക്കുന്നത്. അതേസമയം താരത്തിന് കടുത്ത പനിയാണെന്നും അത് അവഗണിച്ചാണ് പരിപാടിയ്ക്ക് എത്തിയതെന്നുമാണ് ചില റിപ്പോർട്ടുകൾ. എന്നാൽ ചർച്ചകളോട് വിശാലോ സിനിമയുടെ അണിയറ പ്രവർത്തകരോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *