വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. പനമരം സ്വദേശികളായ വിഷ്‌ണു കെ, നബീൽ കമർ ടി പി എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരും മാനന്തവാടി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.

നേരത്തെ രണ്ട് പ്രതികൾ പിടിയിലായിരുന്നു. ഹര്‍ഷിദ്, അഭിറാം എന്നിവരാണ് നേരത്തെ പിടിയിലായത്. ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിറാമിനെയും കസ്റ്റഡിയില്‍ എടുത്തത്. ബെംഗളൂരു ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെ ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

ചെമ്മാട് ഊരിലെ ആദിവാസി യുവാവ് മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ വധശ്രമത്തിന് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു. മാനന്തവാടി പുൽപള്ളി റോഡിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്.

സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആദിവാസി യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. അതേസമയം സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിരുന്നു. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *