മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് വെല്ലുവിളികളേറുന്നു. തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കാൻ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ പറഞ്ഞു. ഒഴുക്ക് നാല് നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകുമെന്നും നിഖിൽ പറഞ്ഞു. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാൻ കെൽപ്പുള്ളതാണ് ഡ്രഡ്ജർ. ആഴം കൂടിയ ഇടങ്ങളിൽ ഉപയോഗിക്കാൻ പ്രശ്നമില്ല. വെള്ളത്തിന് മീതെ പൊങ്ങിക്കിടന്ന് പ്രവർത്തിക്കാം. ആറു മീറ്റർ ആഴത്തിൽ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവർത്തിക്കാനും കഴിയും. കോഴിക്കോട് പേരാമ്പ്ര മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച രണ്ടു ഡ്രഡ്ജറുകളിൽ ഒന്നാണിത്. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് മെഷീൻ ഉപയോഗിക്കാറെന്നും എൻ നിഖിൽ പറഞ്ഞു. അതേസമയം അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. പുഴയിലെ കുത്തൊഴുക്കും ചെളിയും ദൗത്യത്തിന് പ്രതിസന്ധിയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.
Posted inKERALAM