തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ചിഹ്നവും പുറത്തിറക്കി നടൻ വിജയ്. മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. പതാകയിൽ മുകളിലും താഴെയും ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയും മധ്യത്തിൽ മഞ്ഞ നിറത്തിൽ രണ്ട് ആനകളും ഒരു വാഗൈ പൂവും ഉണ്ട്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു പതാക പ്രകാശനം. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തി. അതേസമയം തൻ്റെ പാർട്ടി സാമൂഹിക നീതിയുടെ പാത പിന്തുടരുമെന്ന് വിജയ് പറഞ്ഞു.
ചെന്നൈയിലാണ് വിജയ് പതാക ഉയർത്തിയത്. തുടർന്ന് ചെന്നൈയിലെ പാർട്ടി ഓഫീസിൽ വച്ച് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വിജയ് പ്രതിജ്ഞ ചൊല്ലി. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. അതേസമയം പാർട്ടി പതാക പുറത്തിറക്കിയതിന് പിന്നാലെ നിരവധി വിമര്ശനങ്ങളും ഉയരുന്നുണ്ട്. സ്പെയിന്റെ പതാകയാണെന്നാണ് വിമര്ശനം ഉയരുന്നത്.
”നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവൻ ത്യജിക്കുകയും ചെയ്ത പോരാളികളെയും തമിഴ് മണ്ണിൽ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ച സൈനികരെയും എല്ലായ്‍പ്പോഴും ഞങ്ങൾ അഭിനന്ദിക്കുന്നു. ജാതി, മതം, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിക്കും.” – വിജയ് പ്രതിജ്ഞ ചൊല്ലി.