ഇനി റിലീസുകളും ആഘോഷങ്ങളുമില്ല.. ഒഴിവാക്കി മലയാള സിനിമ; വയനാട് തേങ്ങുമ്പോള്‍ ഒപ്പം നിന്ന് അഭിനേതാക്കളും

ഇനി റിലീസുകളും ആഘോഷങ്ങളുമില്ല.. ഒഴിവാക്കി മലയാള സിനിമ; വയനാട് തേങ്ങുമ്പോള്‍ ഒപ്പം നിന്ന് അഭിനേതാക്കളും

കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസുകളും പ്രഖ്യാപനങ്ങളും ആഘോഷങ്ങളും റദ്ദാക്കി മലയാള സിനിമ. വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ പുതിയ സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചു. ടൊവിനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പോസ്റ്റ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദുഃഖ സൂചകമായി, വൈകിട്ട് 5 മണിക്ക് നിശ്ചയിച്ചിരുന്ന സിനിമാ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി നിര്‍മ്മാതാവ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മഞ്ജു വാര്യരും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫൂട്ടേജിന്റെ’ നിര്‍മ്മാതാക്കള്‍ വയനാട് ദുരന്തത്തെ തുടര്‍ന്ന് തങ്ങളുടെ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 2 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
”വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ സിനിമയുടെ റിലീസ് മാറ്റിവയ്ക്കുന്നു” എന്ന് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ മുന്‍കരുതല്‍ പോസ്റ്റുകള്‍ പങ്കിടുകയും, ദുരന്ത പശ്ചാത്തലത്തില്‍ സുരക്ഷിതരായിരിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നടത്താനിരുന്ന എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനം താരസംഘടനയായ ‘അമ്മ’ റദ്ദാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *