ഇന്നുമുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ; എന്താണ് പുതിയ നിർദേശങ്ങൾ? അറിയേണ്ടതെല്ലാം

ഇന്നുമുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ; എന്താണ് പുതിയ നിർദേശങ്ങൾ? അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനുമായി ഇന്നുമുതൽ ഫാസ്ടാഗ് നിയമങ്ങളിൽ മാറ്റം. ഫാസ്ടാഗ് സംവിധാനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ടോൾ ഇടപാടുകൾ സുഗമമാക്കുകയും ലക്ഷ്യമിട്ടാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇലക്ട്രോണിക് രീതിയിൽ ടോൾ അടയ്ക്കുന്നത് വേഗത്തിലാക്കാനും പുതിയ നിയമങ്ങൾ സഹായിക്കും.

ഈ മാസം ആദ്യം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഫാസ്ടാഗുകൾക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുമുതൽ ഫാസ്‌ടാഗ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങളുണ്ട്. വാഹനവുമായും ഫോൺ നമ്പറുമായും ഫാസ്‌ടാഗ് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടതുണ്ട്. ഓരോ ഫാസ്ടാഗും ഒരു വാഹനത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. വാഹനത്തിൻ്റെ ഗ്ലാസിൽ ഫാസ്‌ടാഗ് പതിപ്പിച്ചിട്ടില്ലെങ്കിൽ ടോൾ തുകയുടെ ഇരട്ടി നൽകേണ്ടിവരും. രാജ്യത്തെ ദേശീയ പാതകളിലുടനീളമുള്ള എല്ലാ ടോൾ പ്ലാസകളും ഉടൻ തന്നെ ഈ പുതിയ നിയമം നടപ്പിലാക്കും.

ഫാസ്‌ടാഗ് സേവനങ്ങൾ നൽകുന്ന കമ്പനികൾ മൂന്ന് മുതൽ അഞ്ച് വർഷം മുൻപ് ഇഷ്യൂ ചെയ്ത എല്ലാ ഫാസ്‌ടാഗുകൾക്കുമുള്ള കെവൈസി അപ്‌ഡേറ്റുകൾ ഒക്ടോബർ 31നകം നിർബന്ധമായും പൂർത്തിയാക്കണമെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്. ഈ കാലയളവിൽ കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഫാസ്ടാഗ് സേവനം ലഭ്യമാക്കുന്ന കമ്പനികൾക്കാണ് കെവൈസി നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിൻ്റെ ചുമതല നൽകിയിരിക്കുന്നത്.

കെവൈസി വിവരങ്ങൾ ഫാസ്ടാഗുമായി ബന്ധിപ്പിക്കാൻ ഒക്ടോബർ 31വരെ സമയമുണ്ടെങ്കിലും ഇതുവരെ വിശദാംശങ്ങൾ സമർപ്പിക്കാത്ത ഫാസ്ടാഗ് ഉടമകൾ ഓഗസ്റ്റ് ഒന്നുമുതൽ എൻപിസിഐ കെവൈസി നൽകേണ്ടതുണ്ട്. അഞ്ച് വർഷത്തിലധികം പഴക്കമുള്ള ഫാസ്ടാഗുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഫാസ്‌ടാഗ് ഇഷ്യൂ ചെയ്‌ത തീയതി പരിശോധിച്ച് പുതിയ നിർദേശങ്ങൾ പിന്തുടരണം. അഞ്ച് വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ കെവൈസി വിവരങ്ങൾ പുതുക്കണം. വാഹനത്തിൻ്റെ നമ്പരും ചേസ് നമ്പരും ഫാസ്ടാഗുമായി ബന്ധിപ്പിക്കണം.

പുതിയ വാഹനങ്ങൾക്കും എൻപിസിഐ നിർദേശിക്കുന്ന പുതിയ ഫാസ്ടാഗ് നിയമങ്ങൾ പിന്തുടരണം. പുതിയ വാഹനം വാങ്ങിയതിന് ശേഷം 90 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നമ്പർ പുതുക്കേണ്ടതുണ്ട്. ഫാസ്ടാഗ് നൽകുന്ന കമ്പനികൾ അവരുടെ ഡേറ്റാബേസിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. വാഹനത്തിൻ്റെ മുന്നിൽ നിന്നും വശത്ത് നിന്നുമുള്ള ചിത്രങ്ങൾ അപ് ലോഡ് ചെയ്യണം. മൊബൈൽ ഫോൺ നമ്പർ ഫാസ്ടാഗുമായി ബന്ധിപ്പിച്ചിരിക്കണം. ഇതോടെ ഫാസ്‌ടാഗുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വാഹനം എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *