പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമല സന്ദർശിച്ച് മടങ്ങി. ഏതാണ്ട് 50 മിനിറ്റോളം പ്രധാനമന്ത്രി ചൂരൽമലയിൽ ചെലവഴിച്ചു. ഉച്ചയ്ക്ക് 1:17 ഓടെ ചൂരൽമല ടൗണിലെത്തിയ പ്രധാനമന്ത്രി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. അതിന് ശേഷം അരക്കിലോമീറ്ററോളം ദൂരം പാറക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. സ്ഥലത്ത് ഇറങ്ങിയ പ്രധാനമന്ത്രിക്ക് എഡിജിപി അജിത് കുമാർ സാഹചര്യം വിശദമാക്കി നൽകി. ജില്ലാ കളക്ടർ മേഘശ്രീ, സുരേഷ് ഗോപി എന്നിവർ ഒപ്പമുണ്ടായിരുന്നു. ശേഷം ചൂരൽമല അങ്ങാടിയിൽ എത്തിയ പ്രധാനമന്ത്രി എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പിന്നീട് ബെയ്‍ലി പാലത്തിലൂടെ നടന്ന് മറുകരയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അതിന് ശേഷം 2:08 ഓടെ വാഹനത്തിൽ കയറി ചൂരൽമലയിൽനിന്ന് മടങ്ങി.
Posted inKERALAM