സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കെവയാണ് അന്‍സിബ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്. ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു എന്നാണ് അന്‍സിബ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചു. പരാതിപ്പെടാന്‍ പോയില്ല എന്നാണ് അന്‍സിബ പറയുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി എടുക്കണമെന്നും അന്‍സിബ പറഞ്ഞു.
കൃത്യമായ തെളിവുണ്ടെങ്കില്‍ ആരായാലും ശക്തമായ നടപടിയെടുക്കണം. ഇരയുടെ കൂടെ നില്‍ക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും.
റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം എന്നാണ് അന്‍സിബ പറയുന്നത്. അതേസമയം, അമ്മ സംഘടനയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.