എന്നോട് ക്ഷമിക്കണം; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, തീരുമാനം ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ

എന്നോട് ക്ഷമിക്കണം; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, തീരുമാനം ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ

പാരീസ്: ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുഡ് ബൈ റസ്ലിങ് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇന്ത്യൻ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്നോട് ക്ഷമിക്കണമെന്നും, ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും സ്വപ്നങ്ങൾ തകർന്നെന്നും വിനേഷ് ഫോഗട്ട് എക്സിൽ കുറിച്ചു.

അമിത ഭാരത്തിന്‍റെ പേരിൽ ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ നിന്ന് വിനേഷ് ഫോഗട്ടിനെ ഇന്നലെയാണ് അയോഗ്യയാക്കിയത്. തീരുമാനത്തിനിതെിരെ താരം നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരും. ഇതിനിടെയാണ് അപ്രതീക്ഷിതമായുള്ള വിരമിക്കൽ പ്രഖ്യാപനം. കോടതി വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും.

ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 50 കിലോ വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്നു. ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ മുൻപാണ് താരത്തെ അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട തനിക്ക് വെള്ളി മെഡലെങ്കിലും നൽകണമെന്നാവശ്യപ്പെട്ടാണ് താരം കായിക തർക്ക പരിഹാര കോടതിയിൽ പരാതി നൽകിയത്. ഇതിൽ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. വിധി അനുകൂലമായാൽ ഫൈനലിൽ പരാജയപ്പെടുന്ന താരത്തിനൊപ്പം ഫോഗട്ടിനും വെള്ളി മെഡൽ പങ്കിടാനാകും.

ദേശീയ ഗുസ്തി ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിങ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്‍റെ ഭാഗത്തല്ല മറിച്ച് സപ്പോർട്ടിങ് സ്റ്റാഫുകൾക്കാണെന്ന വിമർശനം ഉയർന്നതിനാൽ ഇക്കാര്യങ്ങളെല്ലാം ദേശീയ ഗുസ്തി ഫെഡറേഷൻ അന്വേഷിക്കും.

വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെ‍ഡറേഷൻ അപ്പീലും നൽകിയിട്ടുണ്ട്. യുണൈറ്റഡ് വേൾഡ് റസ്‍ലിങ്ങിനാണ് ഗുസ്തി ഫെഡറേഷൻ അപ്പീൽ നൽകിയത്. വിഷയത്തിൽ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് യുണൈറ്റഡ് വേൾഡ് റസ്‍ലിങ്ങിന്‍റെ നിലപാട്.

അയോഗ്യതയ്ക്ക് പിന്നാലെ വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് രാജ്യം ഒന്നാകെ രംഗത്തെത്തിയിരുന്നു. കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ചാമ്പ്യനാണെന്നായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമു എക്സിലൂടെ പറഞ്ഞത്. ‘പാരിസ് ഒളിംപിക്സിൽ വിനേഷ് ഫോഗട്ടിന്‍റെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും ആവേശത്തിലാക്കുന്നതാണ്. അയോഗ്യയാക്കപ്പെട്ടതിൽ നിരാശയുണ്ടെങ്കിലും 1.4 ബില്യൻ ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ഇപ്പോഴും ചാമ്പ്യനാണ്’ എന്നായിരുന്നു കുറിപ്പ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *