‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

‘എല്ലുകള്‍ക്ക് ബലക്ഷയം, റേഡിയേഷന്‍, ഉത്കണ്ഠ’; ഇനിയും 6 മാസം, സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള യാത്ര വൈകും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ ഭൂമിയിലേക്കുള്ള വരവ് വൈകുമെന്ന് നാസ. ഫെബ്രുവരി വരെ വൈകിയേക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ദൗത്യത്തിനായി പോയ സംഘം രണ്ട് മാസമായി ബഹിരാകാശ നിലയില്‍ കഴിയുകയാണ്. ബോയിങ് വികസിപ്പിച്ച ബഹിരാകാശ പേടകത്തിന്റെ തകരാര്‍ മൂലമാണ് സുനിത വില്യംസും ബച്ച് വില്‍മറും കുടുങ്ങിയത്.

ജൂണ്‍ 5നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസും ബച്ച് വില്‍മറും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയ്ക്കിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു.ഈ പ്രശ്‌നം ഇനിയും പരിഹരിക്കപ്പെടാത്തതാണ് യാത്ര വൈകുന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമല്ലെങ്കില്‍ പകരം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ ക്യാപ്‌സ്യൂള്‍ ഉപയോഗിക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

ബഹിരാകാശ യാത്രികരുടെ ശാരീരികാവസ്ഥയിലാണ് ഇപ്പോള്‍ ആശങ്കയുള്ളത്. ഉയര്‍ന്ന അളവിലുള്ള റേഡിയേഷന്‍ നാഡീവ്യവസ്ഥകളെ ബാധിച്ചേക്കാം. രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനാല്‍ അണുബാധയ്ക്ക് സാധ്യതയുള്ളതായും വിദഗ്ധര്‍ കണക്കാക്കുന്നു.സീറോ ഗ്രാവിറ്റിയില്‍ അധിക നാള്‍ തുടരുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അസ്ഥികള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഇവരുടെ എയ്‌റോബിക് ശേഷി കുറയ്ക്കാനും കാരണമാകും. ഹൃദയത്തിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാകാനുള്ള സാധ്യതയും ഇല്ലാതില്ല. ഇരുവരും പരിചയ സമ്പന്നരായ ബഹിരാകാശ യാത്രികരാണെങ്കിലും മാനസിക സ്ഥിതിയെ സാരമായി ബാധിച്ചേക്കാനും ഇടയുണ്ട്. എന്നാല്‍ എന്തെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ സ്‌പേസ് എക്‌സിന്റെ സഹായമോ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സഹായമോ തേടും. ഇതാദ്യമായല്ല ബഹിരാകാശത്ത് യാത്രികര്‍ ഇത്രയധികം ദിവസം കഴിയുന്നത്. റഷ്യന്‍ ബഹിരാകാശ യാത്രികയായ വലേരി പോളിയാക്കോവ് സോവിയറ്റ് കാലഘടത്തിലെ ബഹിരാകാശ നിലയമായ മിറില്‍ തുടര്‍ച്ചയായി 437 ദിവസം കഴിഞ്ഞിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *