കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ

കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ

കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍? പുകവലി, മദ്യപാനം, ജീവിതശൈലി പ്രശ്നങ്ങള്‍ തുടങ്ങിയ കാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളില്‍ നിന്ന് വളരെ അകലെയാണ് കുഞ്ഞുകള്‍. എന്നിട്ടും നവജാത ശിശുക്കളില്‍ വരെ കാന്‍സര്‍ കാണാറുണ്ട്. അർബുദ സാധ്യതയ്ക്ക് പ്രായപരിധി ഉണ്ടോ?

മുതിർന്നവരിൽ എന്ന പോലെ തന്നെ കുട്ടികളിലും കാൻസർ കോശങ്ങൾ വളരാം. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ വരെ അപൂർവമായി കാൻസർ കാണാറുണ്ട്. കുട്ടികളിലും മുതിർന്നവരിലുമുള്ള അർബുദം തികച്ചും വ്യത്യസ്തമാണ്. അതിന്റെ ചികിത്സാ രീതിയും വ്യത്യസ്തമാണ്. ഗര്‍ഭിണി ആണെന്നറിയാതെ സിടി സ്‌കാന്‍ പോലെയുള്ള റേഡിയേഷന്‍ ഏല്‍ക്കുന്നതും അച്ഛനമ്മമാരുടെ പുകവലിശീലവും കുട്ടികളിലെ കാന്‍സറിന് കാരണമാകാം. അപൂര്‍വം ചില കുട്ടികളില്‍ കുടുംബപാരമ്പര്യവും കാരണമാകാറുണ്ട്. പക്ഷേ 90% കേസുകളിലും എന്തുകൊണ്ട് കുട്ടികള്‍ക്ക് കാന്‍സര്‍ വന്നു എന്ന് വ്യക്തമായ ഒരുത്തരം കണ്ടെത്താനാകില്ല. ജനിതകമായ കാരണങ്ങളാലാണ് കുട്ടികളില്‍ അര്‍ബുദകോശങ്ങള്‍ രൂപപ്പെടുന്നത്.

എന്നാൽ കുട്ടികളിൽ ഉണ്ടാകുന്ന പല കാൻസറും ഇന്ന് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. രക്തം, മസ്തിഷ്കം, അസ്ഥികൾ എന്നിങ്ങനെ വിവിധ കോശങ്ങളിലാണ് കുട്ടികളിൽ കാൻസർ വികസിക്കാൻ സാധ്യത. നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ തുടങ്ങാനായാല്‍ കുട്ടികള്‍ക്ക് കാന്‍സറിനെ അതിജീവിക്കാന്‍ കഴിയും. കുട്ടികളിലെ കാന്‍സര്‍ ഭേദമാകാനുള്ള സാധ്യത മുതിര്‍ന്നവര്‍ക്കുള്ളതിനേക്കാള്‍ കൂടുതലാണ്.

കുട്ടികളിലെ കാൻസർ സാധ്യത കുറയ്ക്കാം

  • ​ഗർഭകാലത്ത് അമ്മയുടെ ആരോ​ഗ്യം കുട്ടികളിലെ ഇത്തരം അപകടസാധ്യത വർധിപ്പിക്കും. പതിവ് പരിശോധനകളും മികച്ച ഭക്ഷണക്രമത്തിലൂടെയും അമ്മയുടെ ആരോ​ഗ്യം ഉറപ്പാക്കണം. കൂടാതെ ഈ സമയം ലഹരിവസ്തുക്കള്‍, മദ്യം, പുകയില എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും ശ്രദ്ധിക്കുക.
  • ​ഗർഭകാലത്ത് കൃത്യമായി വാക്സിനുകൾ സ്വീകരിക്കുക. ​ഗർഭാവസ്ഥയിൽ അമ്മമാർക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കുഞ്ഞുങ്ങളിൽ കാൻസർ സാധ്യത വർധിപ്പിക്കും. സൈറ്റോമെഗലോവൈറസ്, റുബെല്ല തുടങ്ങിയ അണുബാധകൾ തടയുന്നതിന് ഗർഭിണികൾ അടിസ്ഥാന ശുചിത്വം പാലിക്കുകയും അവരുടെ വാക്സിനുകൾ കാലികമാണെന്ന് ഉറപ്പാക്കുകയും വേണം.
  • മലിനീകരണം, കീടനാശിനി, പാസീവ് സ്മോക്കിങ് തുടങ്ങിയവയിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തണം.
  • കുട്ടികളുള്ള വീടുകളിൽ മാതാപിതാക്കൾ പ്രകൃതിദത്തമോ വിഷരഹിതോ ആയ ക്ലീനിങ് ഉൽപന്നങ്ങളും കീടനാശിനികളും ഉപയോ​ഗിക്കണമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളര്‍ച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍ എന്നിവ കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളില്‍ ഉള്‍പ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളില്‍ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം. കഴുത്ത്, ഇടുപ്പ്, കക്ഷം എന്നിവിടങ്ങളില്‍ കഴലകള്‍ വീങ്ങിയിരിക്കുന്നത് ലിംഫോമയുടെയോ രക്താര്‍ബുദത്തിന്റെയോ ലക്ഷണമാകാം. കഴലകൾ കണ്ടാൽ പരിശോധിച്ച് അത് കാന്‍സര്‍ അല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി അസാധാരണമായി വിയര്‍ക്കുക എന്നിവയും കാന്‍സറിന്റെ ലക്ഷണമാകാം.കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്ന ഒരു തരം അര്‍ബുദമാണ് റെറ്റിനോബ്ലാസ്റ്റോമ. ഫോട്ടോയെടുക്കാന്‍ കണ്ണിലേക്ക് നേരിട്ട് ഫ്‌ലാഷ് അടിക്കുമ്പോള്‍ ആരോഗ്യമുള്ള കൃഷ്ണമണികള്‍ ഫോട്ടോയില്‍ ചുവന്ന നിറത്തില്‍ (റെഡ് ഐ) കാണപ്പെടും. മറിച്ച്. വെള്ള നിറത്തിലാണ് കാണുന്നതെങ്കില്‍ കുട്ടിയുടെ കണ്ണില്‍ കാന്‍സര്‍ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പൊതുവേ മൂന്നു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഇത് കാണപ്പെടുന്നത്. അപ്രതീക്ഷിതമായി കോങ്കണ്ണ് ഉണ്ടാവുകയോ കാഴ്ചശക്തി കുറയുകയോ ചെയ്താലും പരിശോധന നടത്തണം. വിട്ടുമാറാത്തതും നിരന്തരമുള്ള തലവേദനയാണ് ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണം. രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോഴായിരിക്കും ഏറ്റവും കൂടുതല്‍ തലവേദന അനുഭവപ്പെടുന്നത്. വേദനയോടൊപ്പം ഛര്‍ദിയും കാണപ്പെടും. ഛര്‍ദിക്കുമ്പോള്‍ ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും തലവേദന വീണ്ടും ഉണ്ടാകും. വേദന കൂടാതെ ശരീരത്തില്‍ എവിടെ വീക്കമുണ്ടെന്ന് കണ്ടാലും ശ്രദ്ധിക്കണം. കുട്ടികളെ കുളിപ്പിക്കുന്ന സമയത്ത് വയറില്‍ എന്തെങ്കിലും വീക്കമുണ്ടെന്ന് തോന്നിയാലും പരിശോധിക്കണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *