കെഎല്‍ രാഹുല്‍ വിരമിച്ചോ? വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നിലെ സത്യം ഇതാണ്

കെഎല്‍ രാഹുല്‍ വിരമിച്ചോ? വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നിലെ സത്യം ഇതാണ്

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul). വരാനിരിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിന് രാഹുലിന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ. പ്രതിഭാധനരായ അഞ്ച് കീപ്പര്‍മാരാണ് റെഡ് ബോള്‍ സീരീസിലേക്ക് ഇടംലഭിക്കുന്നതിന് മല്‍സരരംഗത്തുള്ളത്.

കെഎല്‍ രാഹുലിന് ഇനി ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാന്‍ സാധ്യത കുറവാണെന്ന വിശകലനങ്ങളും മുന്‍ താരങ്ങളുടെ അഭിപ്രായപ്രകടനങ്ങളും വരുന്നതിനിടെ വിരമിക്കല്‍ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും നടന്നു. ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയെന്ന് കാണിച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുടെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കപ്പെട്ടു.

രാഹുലിന്റെ ചിത്രസഹിതമുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനും ഇടയാക്കി. എന്നാല്‍ വിരമിക്കല്‍ സംബന്ധിച്ച സ്‌ക്രീന്‍ ഷോട്ട് വ്യാജമായി സൃഷ്ടിച്ചതാണെന്ന് പിന്നീട് വ്യക്തമായി.

‘ഞാന്‍ ഒരു കാര്യം പ്രഖ്യാപിക്കാന്‍ പോകുന്നു, കാത്തിരിക്കുക’ എന്നാണ് കെഎല്‍ രാഹുലിന്റെ പേരില്‍ ആദ്യം ഇറക്കിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിരമിക്കല്‍ കുറിപ്പും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി എത്തി.

വിശദമായ ആലോചനകള്‍ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചുവെന്നും വര്‍ഷങ്ങളായി ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഈ തീരുമാനത്തിലെത്തുന്നത് എളുപ്പമായിരുന്നല്ലെന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു. കരിയറിലുടനീളം പിന്തുണ നല്‍കിയ കുടുംബത്തോടും സുഹൃത്തുക്കളോടും സഹതാരങ്ങളോടും ആരാധകരോടും ഞാന്‍ ഏറെ നന്ദിയുള്ളവനാണ്. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നു. അവിശ്വസനീയ യാത്രയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി- എന്നിങ്ങനെയായിരുന്നു വരികള്‍.

എന്നാല്‍ അത്തരമൊരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി രാഹുല്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. വ്യാജമാണെന്ന് അറിയാതെ ആരാധകര്‍ തുടക്കത്തില്‍ വിശ്വസിക്കുകയും ചെയ്തു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സ്‌റ്റോറിയും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായി.

ദുലീപ് ട്രോഫിയില്‍ ടീം എയിലാണ് രാഹുലിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ദേശീയ ടീമിലേക്ക് കാത്തിരിക്കേണ്ടെന്നും അടുത്ത മാസം ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം ഉണ്ടാവില്ലെന്നും മുന്‍ താരം ആകാശ് ചോപ്ര കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഒന്നാം വിക്കറ്റ് കീപ്പറായി മികച്ച ഫോമിലുള്ള ഋഷഭ് പന്തും രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെല്‍, ഇഷാന്‍ കിഷന്‍, കെഎസ് ഭരത് എന്നിവരിലൊരാള്‍ക്കുമാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *