കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

കേരളത്തിലെ ട്രെയിൻ പിടിച്ചിടൽ ഇല്ലാതാകും; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ റെയിൽവേ

പാലക്കാട്: സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം മറ്റുള്ളവ കടന്നുപോകാനായി വണ്ടികൾ പിടിച്ചിടുന്നതാണ്. മലബാറിലെ യാത്രാ ദുരിതത്തിനൊപ്പം ട്രെയിൻ പിടിച്ചിടൽ കൂടിയാകുന്നതോടെ റെയിൽ യാത്ര തന്നെ മടുക്കുന്ന അവസ്ഥയിലേക്കാണ് യാത്രക്കാർ എത്തുന്നത്. എന്നാൽ വൈകാതെ തന്നെ ഷൊർണൂരിൽ ട്രെയിൻ പിടിച്ചിടുന്ന അവസ്ഥയ്ക്ക് പരിഹാരമാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാകുന്നതോടെ ട്രെയിൻ പിടിച്ചിടലിനു ശാശ്വത പരിഹാരമാകുമെന്നാണ് റിപ്പോർട്ട്.

തൃശൂർ – പാലക്കാട് റെയിൽ പാതയിലെ ട്രാക്ക് ഇരട്ടിപ്പിക്കൽ പ്രവൃത്തി പൂർത്തിയാകുന്നതോടെ നിലവിൽ ട്രെയിൻ പിടിച്ചിടുന്ന പ്രശ്നങ്ങൾ അസാനിക്കും. ഇതോടെ സമയകൃതൃത പാലിച്ച് ട്രെയിനുകൾക്ക് ഈ റൂട്ടിൽ സർവീസ് നടത്താൻ കഴിയും. പാത ഇരട്ടിപ്പിക്കലിന് എറണാകുളം ആസ്ഥാനമായ കമ്പനിയുമായി റെയിൽവേ കരാർ ഒപ്പുവച്ചിട്ടുണ്ട്. പ്രവൃത്തി ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ തൃശൂരിൽ നിന്ന് ഷൊർണൂരിലേക്ക് പോകുന്ന ഭാഗവും ഷൊർണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ഭാഗവും ഒരു കിലോമീറ്ററോളം ദൂരത്തിൽ ഒറ്റപ്പാതയാണ്. ഈ പാതയിലൂടെ ട്രെയിനുകൾ കടത്തിവിടുമ്പോൾ പലയിടത്തും ട്രെയിനുകൾ പിടിച്ചിടേണ്ടി വരാറുണ്ട്. വള്ളത്തോൾ നഗറിലും ഷൊർണൂരിലും മണിക്കൂറുകളോളം ട്രെയിൻ പിടിച്ചിടുന്ന സ്ഥിതി നിലവിലുണ്ട്. പാത ഇരട്ടിപ്പിക്കലോടെ ഇതിന് മാറ്റമുണ്ടാകും.

നേരത്തെ തന്നെ പാത ഇരട്ടിപ്പിക്കലിനുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചിരുന്നു. ദക്ഷിണ റെയിൽവേ രണ്ടു വർഷം മുൻപു തയാറാക്കിയ പദ്ധതിക്കാണ് ഒടുവിൽ അനുമതിയായിരിക്കുന്നത്. ഷൊർണൂർ യാഡ് റീമോഡലിങ്ങും ഇതിന്‍റെ ഭാഗമായി നടക്കുമെന്നാണ് റിപ്പോർട്ട്.


പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ പാലത്തിന്‍റെ നിർമാണമാണ് ആരംഭിക്കുക. നിലവിൽ ഇവിടെ ഒരു പാലത്തിലൂടെയാണു ട്രെയിനുകൾ കടന്നുപോകുന്നത്. 367.39 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 2027 ഫെബ്രുവരിയിൽ പൂർത്തിയാകുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

അതേസമയം തൃശൂർ – തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയും റെയിൽവേ തേ‌‌ടുന്നുണ്ട്. ഇതിനായി ഇപ്പോഴുള്ള തൃശൂർ – ഗുരുവായൂർ ഒറ്റവരിപ്പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂർ – തിരുനാവായ പുതിയ ഇരട്ടപ്പാത നിർമിക്കുകയുമാണ് വേണത്. പാത യാഥാർഥ്യമായാൽ മലബാറിലേക്കുള്ള ദൂരം കുറയാൻ സഹായിക്കും

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *