
മഹാരാഷ്ട്രയിലെ വനത്തിനുള്ളില്‍ മരത്തില്‍ ചങ്ങലയാല്‍ ബന്ധിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തി. സിന്ധുദുര്‍ഗ് വനമേഖലയില്‍ നിന്നാണ് 50 വയസുള്ള സ്ത്രീയെ കണ്ടെത്തിയത്. വനത്തിനുള്ളില്‍ ആട് മേയ്ക്കാനെത്തിയ വ്യക്തിയാണ് അവശനിലയിലുള്ള സ്ത്രീയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് ഇവരെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മാനസികനില താളം തെറ്റിയതായി പൊലീസ് അറിയിച്ചു. സ്ത്രീയുടെ പക്കല്‍ നിന്ന് അമേരിക്കന്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും തമിഴ്‌നാട് വിലാസത്തിലുള്ള ആധാര്‍ കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് ആട് മേയ്ക്കാനെത്തിയ വ്യക്തി സ്ത്രീയെ കണ്ടെത്തിയത്.

ആദ്യം സാവന്ത് വാഡിയിലെ ആശുപത്രിയിലേക്ക് മാറ്റിയ സ്ത്രീയെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പില്‍ ലളിത കായി എന്നാണ് ഇവരുടെ പേര്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. സ്ത്രീയുടെ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം.