കൊച്ചി മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത; നഗരത്തിൽ ചീറിപ്പായാൻ കൂടുതൽ ഫീഡർ ബസുകൾ; 15 ഇലക്ട്രിക് ബസുകൾ ഉടൻ എത്തും

കൊച്ചി മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത; നഗരത്തിൽ ചീറിപ്പായാൻ കൂടുതൽ ഫീഡർ ബസുകൾ; 15 ഇലക്ട്രിക് ബസുകൾ ഉടൻ എത്തും

കൊച്ചി: യാത്രക്കാരുടെ സൗകര്യാ‍ർഥം കൂടുതൽ ഫീഡർ ബസുകൾ ഓടിക്കാൻ കൊച്ചി മെട്രോ. സെപ്റ്റംബറിൽ കൊച്ചി മെട്രോയ്ക്ക് 15 എസി ഇലക്ട്രിക് ബസുകൾ ലഭിക്കും. മെട്രോ സ്റ്റേഷനുകളിൽനിന്ന് ടൗണുകളിലേക്കും മറ്റും ഇവ സ‍ർവീസ് നടത്തും. 32 ഇലക്ട്രിക് ബസുകൾ ഈ വർഷം വാങ്ങാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഓർഡർ നൽകിയിരുന്നു.

മെട്രോ ഫീഡർ സർവീസ് വിപുലപ്പെടുന്നതിലൂടെ കൊച്ചി നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. മെട്രോ സ്റ്റേഷനുകളിൽനിന്ന് ഫീഡർ സർവീസുകൾ നടത്താൻ ബസുകളുടെ പരിമിതിയുണ്ടെന്ന് കെഎസ്ആർടിസി കെഎംആർഎല്ലിനെ അറിയിച്ചിരുന്നു. ഇതോടെയാണ് ഫീഡർ സർവീസുകൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങാൻ കെഎംആർഎൽ തീരുമാനിച്ചത്.

ഐഷർ കമ്പനിയുടെ 32 സീറ്റ് ബസുകളാണ് കൊച്ചി മെട്രോ സ്വന്തമാക്കുന്നത്. പുതിയ ഫീഡർ ബസുകളുടെ റൂട്ടുകൾ സംബന്ധിച്ചു വൈകാതെ തീരുമാനമുണ്ടാകും. പരമ്പരാഗത ബസുകളേക്കാൾ നീളം കുറഞ്ഞ ബസുകളാണ് കൊച്ചി മെട്രോ ഫീഡ‍ർ സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഒൻപത് മീറ്റർ മാത്രം നീളമുള്ള ഈ ബസുകൾ ട്രാഫിക് കൂടുതലുള്ള സമയങ്ങളിലും സർവീസിന് ഫലപ്രദമാണ്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിലാകും ബസുകളുടെ ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കുക. ഇതിനായുള്ള ചർച്ചകൾ കെഎസ്ഇബിയുമായി പുരോഗമിക്കുകയാണ്.

തിരുവനന്തപുരം ജില്ലയുമായി താരതമ്യം ചെയ്യുമ്പോൾ എറണാകുളത്ത് സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം വളരെ കുറവാണ്. ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന ഫീഡർ ബസുകളാണ് ജില്ലയിൽ ചൂണ്ടിക്കാട്ടാനാകുന്ന ഇലക്ട്രിക് ബസുകൾ. അതേസമയം തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൻ്റെ ഭാഗമായി കെഎസ്ആ‍ർടിസി 120 ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുന്നത്.

നിലവിൽ രാവിലെ ആറര മുതൽ ആലുവ മെട്രോ സ്റ്റേഷൻ – നെടുമ്പാശേരി വിമാനത്താവളം റൂട്ടിലും തിരിച്ചും കൊച്ചി മെട്രോയുടെ ഫീഡ‍ർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതു കൂടാതെ, കളമശേരി മെട്രോ സ്റ്റേഷനിൽനിന്ന് കളമശേരി മെഡിക്കൽ കോളേജിലേക്കും കാക്കനാട് ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസ് ഉണ്ട്. രാവിലെയും വൈകിട്ടുമാണ് ഇൻഫോപാർക്കിലേക്കുള്ള ബസ് സർവീസ്. രാവിലെ ഒൻപതുമുതൽ നാലുവരെ മെഡിക്കൽ കോളേജിലേക്കും സർവീസ് ഉണ്ട്. കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽനിന്നു കളമശേരിയിലേക്കും ഫീഡർ ബസ് സർവീസ് നടത്തുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *