ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ ഇന്ത്യ നിർമിക്കുന്ന തന്ത്രപ്രധാന റോഡിൻ്റെ മൂന്നാംഘട്ട നിർമാണം ആരംഭിച്ചു. സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെൻ്റ് (സിപിഡബ്ലുഡി), നാഷണൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപറേഷൻ എന്നിവരുമായി സഹകരിച്ച് ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) ആണ് ഇന്ത്യ ചൈന ബോർഡർ റോഡ്സ് (ഐസിബിആർ) പദ്ധതിയുടെ മൂന്നാംഘട്ട നിർമാണം ആരംഭിച്ചിരിക്കുന്നത്. കിഴക്കൽ ലഡാക്കിലേക്കുള്ള റോഡ് ഗതാഗതം സുഗമമാക്കുന്ന പദ്ധതിയിലൂടെ, നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി സുരക്ഷാ സേനയുടെ അതിവേഗ നീക്കവും സാധ്യമാകും. ഐസിബിആർ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം അവസാനഘട്ടത്തിലാണ്. രണ്ടാംഘട്ടത്തിലുള്ള പ്രധാന റോഡുകളുടെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. ലഡാക്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുമായാണ് ചൈന അതിർത്തി പങ്കിടുന്നത്. 3488 കിലോമീറ്ററാണ് ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്നത്. 2020ൽ കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ സംഘർഷം ഉണ്ടായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ റോഡ് നിർമാണത്തിൻ്റെ വേഗത കൂട്ടിയത്. 2017 – 2020 കാലയളവിൽ പ്രതിവർഷം 470 കിലോമീറ്റർ റോഡ് നിർമാണം നടന്നുവെന്നാണ് ഔദ്യോഗിക രേഖകളെ ഉദ്ധരിച്ചുള്ള എക്കണോമിക് ടൈംസ് റിപ്പോർട്ട്. 2017 വരെയുള്ള കാലയളവിൽ പ്രതിവർഷം 230 കിലോമീറ്റർ റോഡാണ് നിർമിച്ചിരുന്നത്. ഐസിബിആർ പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടകളുടെ കീഴിൽ മൊത്തം 73 തന്ത്രപ്രധാന റോഡുകളാണ് ഉള്ളത്. ഇതിൽ 61 എണ്ണത്തിൻ്റെ നിർമാണം നടത്തുന്നത് ബിആർഒ ആണ്. കിഴക്കൽ ലഡാക്കിൽ, മൂന്നാംഘട്ടത്തിൽ അഞ്ച് റോഡുകളുടെ നിർമാണമാണ് നടക്കുക. സിപിഡബ്ലുഡിയും ബിആർഒയും ചേർന്നാണ് റോഡുകൾ നിർമിക്കുക. ചിലയിടങ്ങളിൽ ഒറ്റ, ഇരട്ട വരി റോഡുകൾ നാലുവരിയായി ഉയർത്തുന്ന പ്രവൃത്തികളുമുണ്ട്.മണാലിയും ലേയും തമ്മിൽ ബന്ധിപ്പിക്കുന്ന നിമ്മു – പദം – ദർച്ച റോഡിൻ്റെ ഭാഗമായ ഷിൻകുലാ തുരങ്ക നിർമാണത്തോടനുബന്ധിച്ചുള്ള ആദ്യ സ്ഫോടനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി റിമോട്ട് ഉപയോഗിച്ച് നിർവഹിച്ചിരുന്നു. ഏത് കാലാവസ്ഥയിലും ഗതാഗതം സാധ്യമാകുന്ന തുരങ്കം സൈനിക നീക്കത്തിന് നിർണായക പങ്കുവഹിക്കും. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 6500 കോടി രൂപയാണ് ബിആർഒയ്ക്കായി കേന്ദ്രസർക്കാർ വകയിരുത്തിയത്. മുൻ വർഷത്തേക്കാൾ 30 ശതമാനം കൂടുതൽ തുകയാണ് ഇക്കുറി നീക്കിവെച്ചിരിക്കുന്നത്. വൈബ്രൻ്റ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി ചൈനീസ് അതിർത്തിയിലുള്ള ഗ്രാമങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 1050 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ലഡാക്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നിവിടങ്ങളിലായി 2967 ഗ്രാമങ്ങളിലാണ് വികസനം നടക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ അരുണാചലിലെ 455 ഗ്രാമങ്ങളും ലഡാക്കിലെ 35 ഗ്രാമങ്ങളും ഉൾപ്പെടെ 662 ഗ്രാമങ്ങളിലാണ് പ്രവൃത്തി നടക്കുക.
Posted inNATIONAL