സര്‍ദാര്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന്‍ എഴുമലൈയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മലയാളത്തിലും അപകടമുണ്ടായത്
കഴിഞ്ഞ ദിവസമാണ് ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപനും പരിക്കേറ്റത്. ചേസിങ് രംഗം ചിത്രീകരിക്കുന്നതിനിടെ വാഹനം തലകീഴായി മറിയുകയായിരുന്നു. കാര്‍ത്തി നായകനായി എത്തുന്ന തമിഴ് ചിത്രം സര്‍ദാര്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന്‍ എഴുമലൈയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് മലയാളത്തിലും അപകടമുണ്ടായത്. നിരവധി അപകടങ്ങള്‍ക്കാണ് ലോക സിനിമ സാക്ഷ്യം വഹിച്ചിട്ടുള്ളത്. പ്രിയ നടന്‍ ജയന്റെ ദാരുണാന്ത്യം അതിലൊന്നാണ്. സിനിമയെ ഞെട്ടിച്ച ഷൂട്ടിങ് സെറ്റിലെ അഞ്ച് അപകടങ്ങള്‍.
1. കോളിളക്കം
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു ജയന്റെ മരത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തം. കോളിളക്കം സിനിമയുടെ ഷൂട്ടിങ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണാണ് ജയന്‍ മരിച്ചത്. 1980 നവംബര്‍ 16നായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ഷോളാവാരത്തായിരുന്നു ചിത്രീകരണം. മൂന്നു ടേക്കുകള്‍ എടുത്തിരുന്നു. സംവിധായകന്‍ ഇതില്‍ തൃപ്തനായിരുന്നു. എന്നാല്‍ വീണ്ടും ഒരു ടേക്ക് കൂടി വേണം എന്ന് പറഞ്ഞ്ത് ജയന്‍ തന്നെയായിരുന്നു. ഹെലികോപ്റ്ററില്‍ തൂങ്ങി കിടന്നുകൊണ്ടുള്ളതായിരുന്നു ഷൂട്ട്. എന്നാല്‍ കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ താഴേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിക്കുന്ന സമയത്ത് 41 വയസായിരുന്നു ജയന്.
2. കൂലി
കൂലി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റത്. 1983ല്‍ ബംഗളൂരുവില്‍ വച്ച് നടന്ന ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. നടന്‍ പുനീത് ഇസ്സാറിനൊപ്പമുള്ള ആക്ഷന്‍ രംഗം ചിത്രീകരിക്കുകയായിരുന്നു ബിഗ് ബി. സൂപ്പര്‍താരത്തിന്റെ ചാട്ടം പിഴച്ചതോടെ പുനീതിന്റെ ശക്തമായ ഇടി വയറിനേറ്റു. അബോധാവസ്ഥയിലായ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവമുണ്ടായ ബച്ചന്‍ മരിച്ചെന്നായിരുന്നു ആ വിലയിരുത്തല്‍. അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് ശേഷം അമിതാഭ് ബച്ചന്‍ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുകയായിരുന്നു. ചിത്രത്തില്‍ ബിഗ് ബി മരിക്കുന്നതായിട്ടായിരുന്നു ക്ലൈമാക്സ്. എന്നാല്‍ അപകടത്തിന് ശേഷം ഇതു മാറ്റിയെഴുതി.
3. മദര്‍ ഇന്ത്യ
ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കായി കണക്കാക്കുന്ന ചിത്രമാണ് മദര്‍ ഇന്ത്യ. എന്നാല്‍ ഈ സിനിമ അറിയപ്പെടേണ്ടിയിരുത് സെറ്റിലുണ്ടായ വമ്പന്‍ അപകടത്തിന്റെ പേരിലായിരുന്നു. ഗുജറാത്തിലെ സൂററ്റില്‍ വച്ചായിരുന്നു അപടം. തീ പിടിക്കുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. തീപടര്‍ന്ന വൈക്കോലിന് ഇടയിലൂടെ നര്‍ഗീസ് ഓടുന്നതാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ കാറ്റ് എതിര്‍ദിശയിലേക്ക് വീശിയതോടെ തീ പടരുകയും താരം തീയ്ക്കുള്ളില്‍ കുടുങ്ങുകയുമായിരുന്നു. ഇത് കണ്ട് ചിത്രത്തിലെ നായകനായ സുനില്‍ ദത്ത് തന്റെ ജീവന്‍ പോലും പണയപ്പെടുത്തി തീയിലേക്ക് ചാടി. നര്‍ഗിസിനെ സുരക്ഷിതയായി അദ്ദേഹം പുറത്തെത്തിച്ചു. നര്‍ഗിസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുനില്‍ ദത്തിന് ഗുരുതരമായി പൊള്ളലേറ്റു. നര്‍ഗിസിനും ചെറിയ രീതിയില്‍ പൊള്ളലേറ്റു. സുനില്‍ ദത്തും നര്‍ഗിസും പ്രണയത്തിലാവുന്നത് ഈ സംഭവത്തോടെയാണ്.
4. ദി ക്രോ
ബ്രൂസ് ലീയുടെ മകന്‍ ബ്രാന്‍ഡന്‍ ലീയ്ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ദി ക്രോ സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. ആക്ഷന്‍ താരമായി വളര്‍ന്നു വരികയായിരുന്നു ബ്രാന്‍ഡന്‍. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ പ്രോപ് ഗണ്ണിന്റെ ഉണ്ട കാണാതായി. ഇതിനു പകരമായി അണിയറ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥ ബുള്ളറ്റിന്റെ വെടിമരുന്ന് ഒഴിവാക്കി ഉപയോഗിച്ചു. എന്നാല്‍ ഇതിലൂടെ വെടിയുതിര്‍ക്കാനാവുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഈ അശ്രദ്ധയാണ് ബ്രാന്‍ഡണ്‍ ലീയുടെ ജീവനെടുത്തത്. 1993ലാണ് അപകടമുണ്ടായത്.
5. ഇന്ത്യന്‍ 2
കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വലിയ അപകടമുണ്ടായത്. സെറ്റില്‍ ഉപയോഗിച്ചിരുന്ന ക്രെയിന്‍ തകര്‍ന്നു വീഴുകയായിരുന്നു. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷങ്കറിന്റെ രണ്ട് അസിസ്റ്റന്‍ഡ് ഡയറക്ടര്‍മാരായ കൃഷ്ണ മധു എന്നിവരും കാറ്ററിങ് ജീവനക്കാരനായ ചന്ദ്രനുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. അപകടത്തിനു ശേഷം നീണ്ട നാള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു.