ഇന്ത്യയിലെ എയർപോർട്ട് ടെർമിനലുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് യാത്രക്കാർക്ക് നിർദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരെന്ന വ്യാജേന പലരും ടെർമിനലിലേക്ക് കടകുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. വ്യാജമായി തയ്യാറാക്കിയതോ അല്ലെങ്കിൽ റദ്ദാക്കിയതോ ആയ ടിക്കറ്റുകൾ ഉപയോഗിച്ച് ആളുകൾ എയർപോർട്ട് ടെർമിനലുകളിൽ പ്രവേശിക്കുന്നത് വലിയ രീതിയിൽ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥർ ടെർമിനലിൽ പ്രവേശിപ്പിക്കുന്ന യാത്രകാരുടെ കെെവശം നിന്നും ടിക്കറ്റും ഐഡി കാർഡും വാങ്ങി പരിശോധിക്കും. എന്നാൽ ചിലർ ഇതെല്ലാം വ്യാജമായി നിർമ്മിക്കും. ഗേറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് പലപ്പോഴും റീഡ് ചെയ്യാറില്ല. ഇത് വ്യാജമായി നിർമ്മിച്ച ടിക്കറ്റുകൾ കൊണ്ടു വരുന്നവർക്ക് സഹായകമാകും. അവർക്ക് എളുപ്പത്തിൽ ടെർമിനലിൽ കയറാൻ സാധിക്കും.
വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളും, ബോർഡിങ് കാർഡുകളും ആണ് വേണ്ടതെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. യാത്രക്കാർ അല്ലാത്ത ആളുകൾ ടെർമിനലിൽ കയറുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. വ്യാജ ടിക്കറ്റുകളും റദ്ദാക്കിയ ടിക്കറ്റുകളും ഉപയോഗിച്ച് ആളുകൾ ടെർമിനലിൽ പ്രവേശിക്കുന്നത് അടുത്തിടെ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 90 ശതമാനത്തിലേറെ യാത്രക്കാരും ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളുമായാണ് എത്തുന്നത്. ചിലപ്പോൾ വിദേശ വിമാനക്കമ്പനികളുടെ ടിക്കറ്റുൾ കെെവശം ഉള്ളപ്പോൾ ഇത് റീഡ് ചെയ്യാറില്ല. വിദേശ വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും ഇഷ്യു ചെയ്യുന്ന ടിക്കറ്റുകളിലെ കോഡ് ഇവിടെ റീഡ് ആകാത്തതും ഒരു പ്രശ്നമാണ്. അതുകൊണ്ട് തന്നെ ടിക്കറ്റുകൾ നോക്കി യാത്രക്കാരെ ടെർമിനലിലോക്ക് പലപ്പോഴും കയറ്റി വിടും ഉദ്യോഗസ്ഥർ.
വിദേശ വിമാനക്കമ്പനികൾ പലപ്പോഴും ക്യുആർ കോഡ് ഉള്ള ബോർഡിങ് പാസ് ലഭിക്കുന്നതിന് നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരോട് ഓൺലൈനിൽ ചെക്ക്–ഇൻ ചെയ്യാൻ നിർദേശിക്കാറുണ്ട്. യാത്രക്കാർക്ക് ഓൺലൈൻ ക്യുആർ കോഡ് ലഭിക്കുമെന്നതിനാൽ സാങ്കേതിക പ്രശ്നം നേരിടേണ്ടി വരില്ല. വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഇനി മുതൽ കർശന പരിശോധനയായിരിക്കും വിമാനത്താവളത്തിലേക്ക് കയറുമ്പോൾ ഉണ്ടായിരിക്കുക.