ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ട്രെയിൻ യാത്ര രാത്രിയിലാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ, റെയിൽവേയുടെ നിർദേശങ്ങളറിയാം

ന്യൂഡൽഹി: പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേ ഇന്ത്യൻ ഗതാഗതത്തിൻ്റെ നട്ടെല്ലാണ്. കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവെ. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ മെട്രോ എന്നിവ പാളത്തിലെത്തിക്കാനുള്ള ശ്രമം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.


ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കുമെന്ന വിശേഷണമുള്ള ബുള്ളറ്റ് ട്രെയിൻ 2026ലോ 2027ലോ ഓടിത്തുടങ്ങുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലാണ് ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. വ്യത്യസ്തമായ ട്രെയിനുകൾ റെയിൽവേ യാത്രക്കാർക്കായി അവതരിപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പ്രത്യേകിച്ച് രാത്രി യാത്രയിൽ പാലിക്കേണ്ട നിർദേശങ്ങൾ റെയിൽവേ നൽകിയിട്ടുണ്ട്.

രാത്രി യാത്രയിൽ മികച്ച ഉറക്കത്തിനും വിശ്രമത്തിനുമായി കടുത്ത നിർദേശങ്ങളാണ് റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. യാത്രക്കാർക്ക്
സമാധാനത്തോടെ ഉറങ്ങാൻ ഇന്ത്യൻ റെയിൽവേ അടുത്തിടെ നിയമങ്ങൾ അപ്ഡേറ്റ് ചെയ്തിരുന്നു. ഉച്ചത്തിൽ സംഗീതം വെക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നതാണ് ഇതിലെ പ്രധാന നിർദേശം. രാത്രിയിൽ സംഗീതം കേൾക്കണമെങ്കിൽ ഇയർഫോൺ ഉപയോഗിക്കണം. കുറഞ്ഞ ഡെസിബെൽ ലെവലിൽ പാട്ട് പ്ലേ ചെയ്യാം. സീറ്റിലോ കമ്പാർട്ട്‌മെൻ്റിലോ കോച്ചിലോ രാത്രിയിൽ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നതിന് നിരോധനമുണ്ടെന്ന കാര്യം ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല.

മിഡിൽ ബർത്തിലെ യാത്രക്കാർ പത്ത് മണിക്ക് ശേഷം കിടക്കാൻ തയ്യാറെടുക്കുന്നത് അനുവദനീയമാണ്. രാത്രി 10 മണിക്ക് ശേഷം ലൈറ്റുകൾ ഓൺ ചെയ്യാൻ അനുവാദമില്ല. എന്നാൽ അത്യാവശ്യഘട്ടങ്ങളിലും സീറ്റ് കണ്ടെത്തുന്നതിനും ലൈറ്റ് ഓൺ ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. രാത്രിയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ നിർബന്ധമായും നിയമങ്ങൾ പാലിക്കണം. വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് അധികാരമുണ്ട്. രാത്രി യാത്രയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാൽ റെയിൽവേ പോലീസിനെ അറിയിക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയ നമ്പരിലേക്ക് പരാതിപ്പെടാനുള്ള നമ്പർ ലഭ്യമാണ്. ഈ നമ്പരിൽ പരാതി അയക്കുകയും ചെയ്യാം


ടിടിഇയും മറ്റ് റെയിൽവേ പോലീസും രാത്രിയിൽ യാത്രക്കാരെ നിരീക്ഷിക്കും. കോച്ചിൻ്റെ സുരക്ഷിതത്വം പരിശോധിക്കും. സഹയാത്രികരുടെ ഉറക്കം നഷ്ടമാക്കുന്ന അനാവശ്യ ബഹളങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. രാത്രി 10 മണിക്ക് ശേഷം ടിടിഇക്ക് (ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ) യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ കഴിയില്ല എന്നാണ് ചട്ടമെങ്കിലും ദീർഘദൂര ട്രെയിനുകളിൽ രാത്രിയും ടിക്കറ്റ് പരിശോധനയുണ്ടാകും. രാത്രി യാത്രയിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ യാത്രക്കാർക്ക് ടിടിഇയോട് സംസാരിക്കാം. റെയിൽവേയുടെ ചട്ടം അനുസരിച്ച് രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നൽകേണ്ടതില്ല. എന്നാൽ ഇ – കാറ്ററിങ് സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് രാത്രി വൈകിയും ട്രെയിനിൽ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാം. കാറ്ററിങ് സ്റ്റാഫുകളോടും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരോടും പൊതു മര്യാദ നിലനിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *