തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം. വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോടേക്ക് വിറ്റത്. ഈ കാറിന്റെ നമ്പര്‍ ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ചെമ്പകശ്ശേരി സ്വദേശി ഷിനിക്ക് നേരെ വീട്ടിൽ വെച്ച ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. രജിസ്ട്രേഡ് കൊറിയര്‍ ആണെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിര്‍ത്തത്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. കൈവെള്ളക്ക് പരിക്കേറ്റ ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാഷണൽ ഹെൽത്ത് മിഷൻ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തും.
Posted inKERALAM