തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്നും സജി ചെറിയാൻ പറഞ്ഞു.
നേരത്തെ ആരോപണത്തിൽ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും വേട്ടക്കാർക്കൊപ്പമല്ലെന്നും മന്ത്രി പറഞ്ഞു. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
അതേസമയം പ്രതികരണത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാൻ സജി ചെറിയാൻ കൂട്ട് നിന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സജി ചെറിയാൻ സ്ഥാനം ഒഴിയണം. സർക്കാർ വേട്ടക്കാരനൊപ്പമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജി വെക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്നാവശ്യപ്പട്ട് നിർമാതാവ് സാന്ദ്രാ തോമസും രംഗത്തെത്തിയിരുന്നു. രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണെന്ന് സാന്ദ്ര വിമർശിച്ചു.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയത്‍. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു.