
ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. നിരവധി പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഇതുവരെ 300 കവിഞ്ഞു. ഇനിയും ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ട്. ഇപ്പോഴിതാ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന വാർത്തവന്നതിന് പിന്നാലെ 1000 സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും വാങ്ങി നൽകിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. കൂടാതെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വയനാടിനെ ചേർത്തുപിടിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയ നാസിമും ചേർന്ന് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. നേരത്തെ തെന്നിന്ത്യൻ താരം വിക്രം 20 ലക്ഷം രൂപയും ബോളിവുഡ് താരം രശ്മിക മന്ദാന പത്ത് ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. കൂടാതെ ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി, കല്ല്യാൺ ജുവലേഴ്സ് ഉടമ ടിഎസ് കല്ല്യാണരാമൻ എന്നിവർ 5 കോടി വീതവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും 5 കോടി വീതം സംഭാവന നൽകിയിരുന്നു.