‘ദൈവം ഇത്രയും പ്രയാസപ്പെടുത്തുന്നത് എന്തിനാ, ഞമ്മള് എന്ത് പാപം ചെയ്തൂ ഈ നാട്ടിൽ’; ദുരന്തഭൂമിയിൽ ഉറ്റവരെ തിരയുന്നവർ, ഹൃദയഭേദകം ഈ കാഴ്ച

‘ദൈവം ഇത്രയും പ്രയാസപ്പെടുത്തുന്നത് എന്തിനാ, ഞമ്മള് എന്ത് പാപം ചെയ്തൂ ഈ നാട്ടിൽ’; ദുരന്തഭൂമിയിൽ ഉറ്റവരെ തിരയുന്നവർ, ഹൃദയഭേദകം ഈ കാഴ്ച

കൽപ്പറ്റ: ഉരുൾപൊട്ടൽ ദൂരന്തഭൂമിയിൽ ഉറ്റവരെ തിരയുന്നവരുടെ കാഴ്ച ഹൃദയഭേദകമാകുന്നു. മണ്ണിനടിയിൽ ഉറ്റവരുടെ ജീവൻ്റെ തുടിപ്പ് തേടി നിരവധി പേരാണ് മുണ്ടക്കൈ മേഖലയിൽ തുടരുന്നത്. ദൗത്യസംഘത്തോട് അപേക്ഷിച്ച് ദുരന്തഭൂമിയിലേക്ക് കടന്നുവന്ന് പലരും പ്രതീക്ഷയോടെ കാത്തുനിൽക്കുകയാണ്. അത്തരത്തിൽ ഒരാളാണ് മുണ്ടക്കൈ മദ്രസയ്ക്ക് സമീപം താമസിച്ചിരുന്ന മുഹമ്മദ്. മഴ കനത്തതോടെ കേരളത്തിന് പുറത്തുള്ള അനുജൻ്റെ നിർദേശപ്രകാരം രണ്ട് ദിവസത്തേക്ക് ചൂരൽമലയിലേക്ക് മാറിയതുകൊണ്ടാണ് മുഹമ്മദ് രക്ഷപ്പെട്ടത്. തക‍ർന്ന് തരിപ്പണമായ മണ്ണിൽ ജ്യേഷ്ഠൻ്റെ ഭാര്യാസഹോദരന്മാരെയും അയൽപക്കക്കാരെയും തിരയുകയാണ് ഇദ്ദേഹം.

“എൻ്റെ ജ്യേഷ്ഠൻ്റെ അളിയന്മാരെ ആരെയും കാണാനില്ല. തൊട്ടപ്പുറത്ത് എൻ്റെ സ്നേഹിതൻ കൂളിയോടൻ അലിയുടെ ശരീരമാണ് കിടക്കുന്നത്. ഓൻ ഉണ്ടോ ഇല്ലെയോ ഒന്നും അറിയുന്നില്ല. അപ്പുറത്ത് ആലക്കലെ അഡ്വ. ജമീലയുടെ വീടാണ്. അവരുടെ വീടും പെരയും ഒന്നും അറിയുന്നില്ല. ഓര് ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. അപ്പുറത്തുള്ളത് സുദേവൻ്റെ വീടാണ്. അവരെക്കുറിച്ചും ഒരു വിവരവുമില്ല. ഇവിടെ ഓന്നോ രണ്ടോ അല്ല, ഒത്തിരി വീടുകളുണ്ട്” – മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. “അവരോട് കേണപേക്ഷിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് കടന്നുവന്നത്. ‘ഹമാരാ ഭായി ഉദർ ഹേ’ എന്ന് ഹിന്ദിക്കാരായ പട്ടാളക്കാരോട് പറഞ്ഞു. ഉരുൾപൊട്ടും എന്ന് എല്ലാർക്കും അറിയാമായിരുന്നു. ഇത്ര സ്ട്രോങ് ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മഴ പെയ്യും, സാധാരണ ഉരുൾപൊട്ടും, അത് കുറച്ചല്ലേ വരൂ എന്നാണ് കരുതിയത്. മഴക്കാലം വരുമ്പോൾ എല്ലാരും ഒഴിഞ്ഞുപോകാറുണ്ട്. പക്ഷേ എല്ലാരും നിസ്സാരമാക്കി കളയാറാണുള്ളത്. ഇത് ഇങ്ങനെയാകുമെന്ന് ആർക്കും അറിയില്ലല്ലോ. ഉമ്മയെ കൂട്ടിക്കൊണ്ട് വേഗം പോക്കോളാൻ അനിയൻ വിളിച്ചുപറഞ്ഞതുകൊണ്ടാണ് ഞാൻ മാറിയത്”. “ഞമ്മടെ വാപ്പയും ഉമ്മയും ഒക്കെ ഇവിടെയായിരുന്നു. ഞാൻ ജനിച്ചതും വളർന്നതും ഇവിടെയായിരുന്നു. ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്ന് പോയി നോക്കിയാലേ സമാധാനമുള്ളൂ. എല്ലാരും പോയി. ഉറ്റവരും ഉടയവരും ഇല്ല. ഞമ്മള് എന്തുചെയ്യണം. അവസ്ഥ ഒന്ന് നോക്ക്. നമ്മള് എന്ത് പാപം ചെയ്തൂ ഈ നാട്ടിൽ. ആരും ഒരു പാപവും ചെയ്യുന്നവരല്ല. അന്നാന്ന് പണിക്കുപോയി ജീവിക്കുന്നവരാണ്. ദൈവം ഇത്രയും പ്രയാസപ്പെടുത്തുന്നത് എന്തിന് വേണ്ടിയാണ്. എല്ലാവരും പോയി. ഞങ്ങൾക്ക് ഇനി ആരുണ്ട്. എൻ്റെ സ്നേഹിതന്മാർ എല്ലാവരും തിരിഞ്ഞും മറിഞ്ഞും ഇതിനിടയിൽ കിടക്കുകയാണ്. ആരോട് സങ്കടം പറയും. ദൈവത്തിന് ഞങ്ങളേ കൂടി കൊണ്ടുപോയിക്കൂടെ. എന്തിനാ ഞങ്ങളെ ഇട്ട് കഷ്ടപ്പെടുത്തുന്നേ”- പൊട്ടിക്കരഞ്ഞ് മുഹമ്മദ് മുഴുവിപ്പിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *