
കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറങ്ങിയപ്പോൾ മുതൽ കേരളം ആവശ്യപ്പെട്ടിരുന്നതാണ് എറണാകുളം – ബെംഗളൂരു സർവീസ്. കാലമേറെ കാത്തിരുന്ന ശേഷം സ്പെഷ്യൽ ട്രെയിനാണ് ഈ റൂട്ടിൽ റെയിൽവേ ബോർഡ് അനുവദിച്ചത്. പ്രഖ്യാപനം വന്ന് ട്രെയിൻ ആദ്യ സർവീസ് പൂർത്തിയാക്കിപ്പോഴേക്ക് വന്ദേ ഭാരത് സൂപ്പർഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ജൂലൈ 31 ബുധനാഴ്ചയായിരുന്നു എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സർവീസ്. മടക്കയാത്ര ഇന്നും. നിലവിൽ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സർവീസുകളുടെ ടിക്കറ്റെല്ലാം അതിവേഗത്തിലാണ് ബുക്കിങ് ആകുന്നത്. ഞായറാഴ്ചത്തെ സർവീസിന് ഒരു ടിക്കറ്റ് പോലും നിലവിൽ ബാക്കിയില്ല.
എറണാകുളം – ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരതി (06001) ന്‍റെ സർവീസുകൾ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്. ഇതിൽ ഇനിയുള്ള വെള്ളിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും സർവീസുകളുടെ ടിക്കറ്റുകൾ കിട്ടാനില്ലെന്ന് തന്നെ പറയാം. നാളത്തെ ബെംഗളൂരു സർവീസിന്‍റെ എക്സിക്യൂട്ടീവ് ക്ലാസിൽ നിലവിൽ വെയ്റ്റിങ് ലിസ്റ്റ് 23 ആണ് ബുത്തിങ് സ്റ്റാറ്റസ്. ചെയർ കാറിൽ ബാക്കിയുള്ള നൂറോളം സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
ഓഗസ്റ്റ് നാല് ഞായറാഴ്ചത്തെ എറണാകുളം – ബെംഗളൂരു സർവീസിന്‍റെ ഒറ്റ ടിക്കറ്റ് പോലും നിലവിൽ ബാക്കിയില്ല. ചെയർകാറിൽ വെയ്റ്റിങ് ലിസ്റ്റ് 23, എക്സിക്യൂട്ടീവ് ക്ലാസ് വെയ്റ്റിങ് ലിസ്റ്റ് 11 എന്നിങ്ങനെയാണ് നിലവിലെ ബുക്കിങ് സ്റ്റാറ്റസ്. ഓഗസ്റ്റ് 9 വെള്ളിയാഴ്ചത്തെ സർവീസിൽ എക്സിക്യൂട്ടീവ് ക്ലാസിൽ 16 ടിക്കറ്റുകളും ഓഗസ്റ്റ് 11 ഞായറാഴ്ചത്തെ സർവീസിൽ അഞ്ച് ടിക്കറ്റുകളും, ഓഗസ്റ്റ് 14 ബുധനാഴ്ചത്തെ സർവീസിൽ 26 ടിക്കറ്റുകളും മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. ചെയർ കാറിലും അതിവേഗമാണ് ബുക്കിങ്.
അവധി ദിവസങ്ങളോടനുബന്ധിച്ച ദിവസങ്ങളിലെ ടിക്കറ്റുകളാണ് അതിവേഗത്തിൽ ബുക്കിങ് ആകുന്നത്. ബെംഗളൂരു – എറണാകുളം സർവീസിന്‍റെ ടിക്കറ്റുകൾക്കും ആവശ്യക്കാരേറെയാണ്. രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിനിന്‍റെ ആവശ്യകത റെയിൽവേയ്ക്ക് കൂടി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ട്രെയിൻ സ്ഥിരപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദ്യാർഥികൾക്കും ഗുണകരമാകുന്ന സർവീസാണിത്.
എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കേരളത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. പിന്നീട് പൊതനൂരിലും തിരുപ്പൂരിലും ഈറോഡ് ജങ്ഷനിലും നിർത്തുന്നെ സ്പെഷ്യൽ വന്ദേ ഭാരത് സേലം, കൃഷ്ണരാജപുരം സ്റ്റേഷനുകൾ പിന്നിട്ടാണ് ബെംഗളൂരുവിൽ എത്തുന്നത്.