ന്യൂയോർക്കിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെപ്പ്, 1 മരണം; യുഎസ്സിൽ ദിവസവും നടക്കുന്നത് ശരാശരി 2 തോക്ക് ആക്രമണങ്ങൾ

ന്യൂയോർക്കിൽ ആൾക്കൂട്ടത്തിനു നേരെ വെടിവെപ്പ്, 1 മരണം; യുഎസ്സിൽ ദിവസവും നടക്കുന്നത് ശരാശരി 2 തോക്ക് ആക്രമണങ്ങൾ

ന്യൂയോർക്ക്: റോച്ചസ്റ്ററിൽ ഒരു വലിയ ആൾക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വൈകീട്ട് 6:20ന് വലിയ ജനക്കൂട്ടത്തിനിടയിലേക്ക് അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറഞ്ഞത് ആറ് പേർക്ക് വെടിയേറ്റതായി പോലീസ് അറിയിച്ചു. ആറുപേരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വെടിയേറ്റവരിൽ ചിലർക്ക് പരിക്ക് ഗുരുതരമാണ്. മരിച്ചയാൾ 20 വയസ്സിനു മുകളിൽ പ്രായമുള്ള ആളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മരിച്ചയാളുടെ വിവരങ്ങൾ പോലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളെ ഇതുവരെ അറിയിച്ചിട്ടില്ല എന്നതാണ് കാര്യം. സംഭവത്തിന്റെ വീഡിയോകളോ ഫോട്ടോകളോ കൈവശം ഉള്ളവർ പോലീസിനെ ബന്ധപ്പെട്ട് അവ കൈമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കണമെന്നും അവ പോലീസിന് നൽകണമെന്നും അധികൃതർ പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 311, 911 എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കാനും പോലീസ് ആവശ്യപ്പെട്ടു. വെടിയുതിർത്തവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോയെന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് അറിയുന്നത്. ഈ സന്ദർഭത്തിൽ എത്ര പേർ വെടിവെപ്പുകാരായി ഉണ്ടായിരുന്നു എന്ന് പറയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തങ്ങൾ അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ്. പരമാവധി ദൃക്സാക്ഷികളെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് റോചസ്റ്റർ പോലീസ് കാപ്റ്റൻ ഗ്രെഗ് ബെല്ലോ പറഞ്ഞു. വർഷത്തിൽ ശരാശരി 600 വെടിവെപ്പെങ്കിലും നടക്കുന്ന രാജ്യമാണ് യുഎസ്. 2023ൽ മാത്രം 630 വെടിവെപ്പ് സംഭവങ്ങൾ യുഎസ്സിലുണ്ടായി. അഥവാ ദിവസവും ശരാശരി രണ്ട് വെടിവെപ്പെങ്കിലും യുഎസ്സിൽ നടക്കുന്നു. 2017ൽ ലാസ് വെഗാസിൽ നടന്ന വെടിവെപ്പാണ് ഇവയിൽ ഏറ്റവും വലുത്. 50 പേർ ഈ വെടിവെപ്പിൽ മരിച്ചു. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *