കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 11 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു.
മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിലാണ് ബുദ്ധദേബിന്‍റെ ജനനം. 1966 ൽ സിപിഎമ്മിൽ അംഗമായി. ഡിവൈഎഫ്ഐയിലൂട രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഭട്ടാചര്യ സിപിഎം കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തി. 2015 ലാണ് പിബി, കേന്ദ്ര കമ്മിറ്റി ചുമതലകൾ ഒഴിഞ്ഞത്.
ജ്യോതി ബസു മന്ത്രിസഭാംഗം
ജ്യോതി ബസു മന്ത്രിസഭയിൽ അംഗമായ ബുദ്ധദേബ് ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായും പ്രവർത്തിച്ചു. ബംഗാളിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ബുദ്ധദേബ്. കമ്മ്യൂണിസ്റ്റ് രീതികളുടെ പേരിൽ എന്നും ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ നേതാവ് കൂടിയാണ്.
1987 – 96 കാലത്തു വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996 – 99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായ ബുദ്ധദേവ്, നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു മുഖ്യമന്ത്രിയായി.
ആദ്യ അഞ്ച് വർഷങ്ങള്‍ ഐടി രംഗത്തെയടക്കം മുന്നേറ്റം സർക്കാരിനും കൈയ്യടി നേടികൊടുത്തു. 2006ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ മടങ്ങിയെത്തി. എന്നാൽ വലിയ പ്രതിസന്ധികളാണ് പിന്നീട് നേരിടേണ്ടി വന്നത്. 2007ല്‍ നന്ദിഗ്രാമില്‍ നടന്ന സമരങ്ങളും വെടിവെപ്പും തൃണമൂലിന്‍റെയും മമതയുടെയും ഉയർച്ചക്ക് വഴിവെച്ചു. അടുത്ത തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുടെ തകർച്ചയ്ക്കും ഇത് വഴിതെളിയിച്ചു.
അനുശോചിച്ച് എംവി ഗോവിന്ദൻ
മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല ഇടതുപക്ഷത്തിനും തീർത്താൽ തീരാത്ത നഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തെ തുടര്‍ന്ന് സിപിഎം ഇന്നത്തേയും നാളത്തേയും പൊതുപരിപാടികള്‍ മാറ്റിവെക്കുമെന്നും കേരളത്തിലുടനീളം പാര്‍ട്ടി അനുശോചനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.