പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു; ഭീതിയിൽ രാജ്യം, അതീവജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു; ഭീതിയിൽ രാജ്യം, അതീവജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

പാകിസ്ഥാനിലും എംപോക്സ് (മങ്കിപോക്സ്‌) രോഗം സ്ഥിരീകരിച്ചു. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.പാകിസ്ഥാനിൽ ഈ വർഷം ആദ്യത്തെ എംപോക്സ് രോഗബാധയാണ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. പെഷവാറിലെ ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ ഓഗസ്റ്റ് 13ന് എംപോക്സ് സ്ഥിരീകരിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ നിന്നുള്ള വിമാനത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെയും കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്.കഴിഞ്ഞ വർഷം വിദേശത്തു നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മൂന്ന് പേർക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. അതേസമയം പല ലോകരാജ്യങ്ങളിലും എംപോക്സ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ ചൈനയും കടുത്ത ജാഗ്രതയിലാണ്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്ത് വരുന്ന ആളുകളെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെയും നിരീക്ഷിക്കാനാണ് ചൈനയുടെ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ച ചൈനയിലെ കസ്റ്റംസ് അധികൃതർ പുറത്തിറക്കിയിരുന്നു. കൊവിഡ് -19, എയ്ഡ്സ്, സാർസ് പോലുള്ള രോഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന കാറ്റഗറി -ബിയിലാണ് ചൈന എംപോക്സിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം മങ്കിപോക്സ്‌ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കയിൽ മാത്രം വൈറസ് ബാധിച്ച് 500 ലധികം ആളുകൾ മരിച്ചതിനാലാണ് സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

ലോകത്തെ 13 രാജ്യങ്ങളിലായി പതിനാലായിരത്തിലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ 450 ൽ അധികം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്.ഈ വർഷം ആഫ്രിക്കയിൽ 14,000-ത്തിലധികം കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ നാല് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തിടെ ആദ്യമായി കുരങ്ങുപനി തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *