ന്യൂഡല്‍ഹി: ഇറാഖില്‍ പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹ പ്രായം 9 വയസാക്കുന്ന ബില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. നിലവില്‍ വിവാഹത്തിനുള്ള പ്രായം 18 ആയി നിജപ്പെടുത്ത വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലാണ് അവതരിപ്പിച്ചത്. അതേസമയം ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തുമുള്ളത്. ബില്‍ പാസായാല്‍, 9 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 15 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും വിവാഹിതരാകാന്‍ അനുമതി നല്‍കും. ഇത് ശൈശവ വിവാഹവും ചൂഷണവും ആണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പിന്തിരിപ്പന്‍ നീക്കമാണെന്നും ഇത് സ്ത്രീകളുടെ അവകാശങ്ങളും ലിംഗ സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനെ തുരങ്കം വെക്കുന്നതാണെന്നുമാണ് വിമര്‍ശനം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്തു. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിയായ യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്. ജൂലൈ അവസാനത്തില്‍ നിരവധി നിയമ നിര്‍മാതാക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മാറ്റങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിക്കുകയായിരുന്നു. ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതിന് ശേഷം ഓഗസ്റ്റ് 4ന് വീണ്ടും വിവാഹ പ്രായം കുറയ്ക്കുന്നതിനുള്ള ബില്‍ കൊണ്ടുവരികയായിരുന്നു. ഇസ്ലാമിക നിയമത്തിന് അനുസരിച്ച് ചെറുപ്പക്കാരായ പെണ്‍കുട്ടികളെ അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് വാദം.