തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നുവെന്ന സൂചന നൽകി വിവിധ ജില്ലകളിൽ മഴയെത്തി. ഇന്ന് രാവിലെ മുതൽ വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന സൂചനയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഇതോടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
വരും മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നൽകിയിരിക്കുന്നത്.
യെല്ലോ അലേർട്ട് മുന്നറിയിപ്പുകള്ള തീയതിയും ജില്ലകളും
25/08/2024 : കണ്ണൂർ, കാസർഗോഡ്
26/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർകോട്.
27/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർകോട്.
28/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ കനക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ വിട്ടുനിന്ന മലയോര ജില്ലകളിലടക്കം മഴയെത്തി. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യൈക്തമാക്കിയിരുന്നു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു.
നാളെ മുതൽ (25/08/2024) ചൊവ്വാഴ്ച വരെ (27/08/2024) കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
നാളെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ അറബിക്കടലിന്റെ ഭാഗങ്ങൾ, വടക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളും തെക്കൻ ഭാഗങ്ങളും, വടക്കൻ ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.