കല്‍പ്പറ്റ: കനത്ത മഴ പെയ്‌തെങ്കിലും രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാകുമെന്ന് വയനാട്ടുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രം. ഓര്‍ക്കാപ്പുറത്തെത്തിയ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ അകപ്പെട്ടതിന്റെ നടുക്കത്തില്‍ ഉള്ളുലയ്ക്കുന്ന കരച്ചിലുകളാണ് ദുരന്തഭൂമിയില്‍. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ പലരും കഴുത്തറ്റം ചെളിയില്‍ മുങ്ങിയിരുന്നു. ഒന്നും ചെയ്യാനാകാതെ, പ്രിയപ്പെട്ടവരെ രക്ഷിക്കാനാകാതെ നിസഹായരായി നില്‍ക്കേണ്ടി വന്നവരുടെ കണ്ണീര്‍ക്കാഴ്ചകള്‍. വീടടക്കം ഉള്ളതെല്ലാം നഷ്ടമായി ഇനി ഭാവിയെന്തെന്നറിയാത്ത അനിശ്ചിതത്വത്തിലാണ് നിരവധി കുടുംബങ്ങള്‍. മുണ്ടക്കൈയില്‍ ഒരുപാട് ആളുകൾ മണ്ണിനടിയിലാണ്. രക്ഷപ്പെടാന്‍ വേണ്ടി ആളുകള്‍ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വേഗം വരീ എന്ന് ഫോണുകളിലൂടെ കരഞ്ഞുപറയുകയായിരുന്നു ആളുകൾ. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തി. വയനാട്ടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം 41 ആയി. നിരവധി പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരൽമല.
Posted inKERALAM