വയനാട്ടിൽ കനത്ത നാശം വിതച്ച ഉരുൾപൊട്ടലിൽ ദുരന്തഭൂമിയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം അപകടത്തിൽ ഒലിച്ചു പോവുകയും ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമിക്കാൻ തീരുമാനിച്ചത്. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിൽ സൈന്യം ബെയ്‍ലി പാലം നിർമിക്കുകയും രക്ഷാപ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിനിടെ സൈന്യത്തിലെ ഒരു വനിതാ ഉദ്യോഗസ്ഥയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെറും 36 മണിക്കൂർ കൊണ്ട് 190 അടി നീളവും 20 ടൺ ഭാരം വഹിക്കാനാകുന്ന ബെയ്‌ലി പാലം നിർമിക്കാൻ നേതൃത്വംകൊടുത്ത ഇന്ത്യൻ സൈന്യത്തിന്റെ എൻജിനീയർ ആണ് മേജർ സീത ഷെൽക്കെ. ദുരന്തമുഖത്ത് വനിതകളെ കണ്ടില്ലെന്നും വനിതകൾക്ക് എന്ത് ചെയ്യാനാകും എന്ന് ചോദിക്കുന്നവർക്കുമുള്ള മറുപടിയാണ് മഹാരാഷ്ട്രക്കാരിയായ മേജർ സീത ഷെൽക്കെ. മേജർ സീത അശോക് ഷെൽക്കെ എന്നാണ് ഉദ്യോഗസ്ഥയുടെ മുഴുവൻ പേര്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ പാർനർ താലൂക്കിലെ ഗാഡിൽഗാവ് എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് മേജർ സീത അശോക് ഷെൽക്കെ സൈന്യത്തിലെത്തുന്നത്. അഭിഭാഷകനായ അശോക് ബിഖാജി ഷെൽക്കെയുടെ നാല് മക്കളിൽ ഒരാളാണ് സീത ഷെൽക്കെ. അഹമ്മദ്നഗറിലെ ലോണിയിലെ പ്രവാര റൂറൽ എഞ്ചിനീയറിങ് കോളേജിൽ നിന്നാണ് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ സീത ഷെൽക്കെ ബിരുദം പൂർത്തിയാക്കിയത്. സീത അശോക് ഷെൽക്കെയ്ക്ക് ഒരു ഐപിഎസ് ഓഫീസറായിരുന്നു ആഗ്രഹം. എന്നാൽ കൃത്യമായ മാർഗനിർദേശം നൽകാൻ ആളില്ലാതിരുന്നതിനാൽ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിലേക്ക് ഇവർ ശ്രദ്ധ തിരിച്ചു. തുടർന്ന് 2012ൽ തന്റെ മൂന്നാം ശ്രമത്തിൽ സീത അശോക് ഷെൽക്കെ സൈന്യത്തിന്റെ ഭാഗമായി . എൻജിനിയറിങ് സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയാണ് ഇവർ. പാലം പൂർത്തിയാക്കിയതോടെ ഇന്ത്യൻ ആർമിയെയും മേജർ സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കു വച്ചിരിക്കുന്നത്. 2 ദിവസത്തെ തളരാത്ത സൈന്യത്തിന്റെ ഫലമായാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനായത് രക്ഷാദൗത്യത്തിൽ നിർണായകമാണ്. സൈനിക വാഹനം കയറ്റി പാലത്തിൻറെ ബലവും പരിശോധിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും നിർമിക്കാനാവശ്യമായ സാമഗ്രികൾ ചൂരൽമലയിലെത്തിച്ചാണ് പാലം നിർമിച്ചത്.ബെംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ് (എംഇജി) ആണ് ബെയ്‌ലി പാലത്തിന് പിന്നിൽ പ്രവർത്തിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തിനാവശ്യമായ സഹായങ്ങൾ നൽകുന്ന എൻജിനിയറിങ് വിഭാഗം ആണ് ഇത്. മദ്രാസ് സാപ്പേഴ്‌സ് എന്നും ഈ വിഭാഗം അറിയപ്പെടുന്നു.യുദ്ധമുഖത്ത് ആദ്യം എത്തി സൈന്യത്തിന് വഴി ഒരുക്കുക, പാലങ്ങൾ നിർമിക്കുക, കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ഇവർ ചെയ്യുന്നത്. ഇതിനായി ഇവർക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.കേരളത്തിൽ മുൻപുണ്ടായ പ്രളയകാലത്തും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമായി ഇവർ എത്തിയിട്ടുണ്ട്. കർണാടക-കേരള സബ് ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ വിനോദ് ടി. മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗസംഘമാണ് ബെംഗളൂരുവിൽനിന്ന് ചൂരൽമലയിലെത്തിയത്.മദ്രാസ് സാപ്പേഴ്‌സ് കൂടാതെ ബംഗാൾ സാപ്പേഴ്‌സ്, ബോംബെ സാപ്പേഴ്‌സ് എന്നീ എൻജിനിയറിങ് വിഭാഗവും ഇന്ത്യൻ സൈന്യത്തിനുണ്ട്. കഴിഞ്ഞ 244 വർഷങ്ങൾക്കിടെ ഒട്ടേറെ യുദ്ധമുഖങ്ങളിൽ മദ്രാസ് സാപ്പേഴ്‌സിന്റെ കരുത്തരായ പട്ടാളക്കാർ സഹായ കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്.താത്കാലികമായി നിർമിച്ച ബെയ്‌ലി പാലത്തിനും പ്രത്യേകതകളുണ്ട്. മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും അതുപോലെ എടുത്തുമാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. പാലത്തിൻറെ പ്രധാന ഘടകങ്ങൾ ഉരുക്കും തടിയുമാണ്. നേരത്തെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പാലം ആവശ്യമായുള്ള സ്ഥലത്തേക്ക് എത്തിച്ച് കൂട്ടിച്ചേർത്ത് നിർമിക്കുകയാണ് ചെയ്യുന്നത്.
Posted inKERALAM
പ്രത്യാശയുടെ നറുവെട്ടം മറുകരയെത്തിച്ച പെണ്‍കരുത്ത് ‘സീത ഷെല്‍ക്കെ’
Tags:
chooralmalakerala landslide 2024kerala landslide livekerala landslide newskerala landslide todaykerala landslide videokerala landslide wayanadmeppadi landslidenews18 kerala livewayanad landslidewayanad landslide 2024wayanad landslide drone viewwayanad landslide latest newswayanad landslide livewayanad landslide newswayanad landslide todaywayanad landslide videowayanad newswayanad urulpottalwayanad urulpottal 2024
Last updated on August 2, 2024