ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായി ചുമതല ഏറ്റെടുത്തതിന് ശേഷം പാർട് ടൈം ബോളർമാർക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയിൽ സ്പെഷ്യലിസ്റ്റ് ബാറ്റർമാരായ സൂര്യകുമാർ യാദവ്, റിങ്കു സിങ് എന്നിവർ പോലും പന്തെറിയാനെത്തി. കഴിഞ്ഞയാഴ്ച ഡെൽഹി പ്രീമിയർ ലീഗിൽ ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ബോളെറിഞ്ഞ് ഞെട്ടിച്ചു. ഇത് ഗൗതം ഗംഭീർ എഫ്ക്ടാണെന്ന് തമാശ രീതിയിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇപ്പോളിതാ പന്തിന് പിന്നാലെ ബോളിങ്ങിൽ ഒരു കൈ നോക്കി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനും ഞെട്ടിച്ചിരിക്കുന്നു. തമിഴ്നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ബുച്ചിബാബു ട്രോഫിയിലാണ് ജാർഖണ്ഡിന്റെ നായകൻ കൂടിയായ ഇഷാൻ ബോളെറിയാനെത്തി ആരാധകരെ അമ്പരപ്പിച്ചത്. ബാറ്റിങ്ങിൽ ഫ്ലോപ്പായതിന് പിന്നാലെയായിരുന്നു ഇഷാൻ പന്തെറിയാൻ എത്തിയത്. ഇഷാന്റെ ബോളിങ് പ്രകടനവും ഇതിന്റെ വീഡിയോയും നോക്കാം.
ഓഫ് സ്പിന്നറായി ഇഷാൻ
ബാറ്റിങ്ങിൽ ഇടം കൈയ്യനായ ഇഷാൻ കിഷൻ, ബോളിങ്ങിൽ വലം കൈ ഓഫ് സ്പിന്നുമായാണ് എത്തിയത്. മത്സരത്തിൽ ഹൈദരാബാദിന്റെ ആദ്യ ഇന്നിങ്സിൽ ഇഷാൻ പന്തെറിയാൻ എത്തുമ്പോൾ 207/7 എന്ന നിലയിലായിരുന്നു എതിരാളികൾ. ഫ്ലൈറ്റിലൂടെ ബാറ്റർമാരെ പരീക്ഷിച്ച ഇഷാൻ ആകെ രണ്ട് ഓവറുകളാണ് എറിഞ്ഞത്. അഞ്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തത് എങ്കിലും വിക്കറ്റുകളൊന്നും വീഴ്ത്താൻ ഇഷാന് കഴിഞ്ഞില്ല.
ഇഷാൻ ഇതിന് മുൻപ് ബോളിങ്ങിൽ
ബുച്ചിബാബു ട്രോഫിയിൽ ജാർഖണ്ഡിനായി പന്തെറിഞ്ഞ് ആരാധകരെ അമ്പരപ്പിച്ച ഇഷാൻ കിഷൻ, ഇന്ത്യൻ ടീമിനായോ ഇന്ത്യൻ പ്രീമിയർ ലീഗിലോ ഇതിന് മുൻപ് ഒരു പന്ത് പോലും എറിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതേ സമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതിന് മുൻപ് രണ്ടിന്നിങ്സുകളിലായി അഞ്ച് ഓവറുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇതിൽ 19 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റുകളൊന്നും വീഴ്ത്താൻ സാധിച്ചിട്ടില്ല.
ബാറ്റിങ്ങിൽ നിരാശപ്പെടുത്തി
ബുച്ചിബാബു ട്രോഫിയിലെ ആദ്യ കളിയിൽ മധ്യപ്രദേശിനെതിരെ കിടിലൻ ബാറ്റിങ് പ്രകടനമായിരുന്നു ഇഷാൻ കിഷന്റേത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ കളിയിൽ ഹൈദരാബാദിനെതിരെ താരം വൻ ഫ്ലോപ്പായി. ആദ്യ ഇന്നിങ്സിൽ 11 പന്തിൽ നിന്ന് ഒരു റൺസ് മാത്രമെടുത്ത് പുറത്തായ ഇഷാൻ, രണ്ടാമിന്നിങ്സിൽ 22 പന്തിൽ അഞ്ച് റൺസ് മാത്രമാണ് സ്കോർ ചെയ്തത്.
ഹൈദരാബാദിനെതിരെയും തിളങ്ങാൻ സാധിച്ചിരുന്നുവെങ്കിൽ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് അവകാശവാദം ഉന്നയിക്കാൻ ഇഷാന് കഴിയുമായിരുന്നു എന്നതും ശ്രദ്ധേയം. അതേ സമയം ഇഷാൻ ബാറ്റിങ്ങിൽ ഫ്ലോപ്പായ കളിയിൽ ജാർഖണ്ഡ് ഒൻപത് വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു