2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് ചെലവിനായി ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചത് 200 മില്യൺ ഡോളർ(ഏകദേശം 15,000,000,000രൂപ) എന്ന് കണക്കുകൾ. ഇതിന് പുറമെ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വോളന്റിയർ ആകാൻ സന്നദ്ധത വ്യക്തമാക്കി മുന്നോട്ടെത്തിയത് 170000 പേരാണ്. നേരത്തെ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് സംഭാവന തുക ലഭിക്കുന്ന നേട്ടം കമല ഹാരിസ് സ്വന്തമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് എന്ന നിലയിലെ കമല ഹാരിസിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം റിപബ്ലിക്കൻ പാർട്ടി ഉയർത്തുമ്പോഴാണ് കമല ഹാരിസിന് ശക്തമായ പിന്തുണ ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യുന്നവരിൽ ഏറിയ പങ്കും പുതിയ ആളുകളാണെന്നതാണ് ഡെമോക്രാറ്റിക് പാർട്ടിക് പ്രതീക്ഷ നൽകുന്നത്. കമലാ ഹാരിസിന് വേണ്ടി 170000 പുതിയ വോളന്റിയർമാർ ഇതിനോടകം എത്തിയതായാണ് ക്യാംപെയിൻ മാനേജർ റോബ് ഫ്ലാഹെർതി എക്സിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വാൾ സ്ട്രീറ്റ് ജേർണലിന്‍റെ സർവേ പ്രകാരം ട്രംപിന്‍റെ ലീഡ് ആറ് പേയിന്‍റിൽ നിന്ന് രണ്ടായി കുറഞ്ഞിരുന്നു. നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെൻസിൽവേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സർവേയിലും ഇരുവരും തമ്മിൽ ശക്തമായ പോര് നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തെരഞ്ഞെടുപ്പിനായി നൂറ് ദിവസങ്ങളാണ് ഇനി ബാക്കിയുള്ളത്. ജൂലൈ മാസത്തിൽ തെരഞ്ഞെടുപ്പ് ചെലവിലേക്കായി 331 മില്യൺ ഡോളർ (ഏകദേശം 27,707,845,162 രൂപ) സമാഹരിച്ചതായാണ് ട്രംപ് വിശദമാക്കിയത്. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം എത്തിയത്. സർവേകളിൽ ട്രംപിന് ബൈഡനേക്കാൾ നേരിയ ലീഡുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു പിന്മാറ്റം. എന്നാൽ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആദ്യ വനിതയായ കമല ഹാരിസിനെതിരെ രൂക്ഷമായ ആക്രമണമാണ് എതിർ സ്ഥാനാർത്ഥി നടത്തുന്നത്.
Posted inINTERNATIONAL