കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂള്‍, മുണ്ടക്കൈ യുപി സ്കൂള്‍ എന്നിവക്കാണ് ഇന്ന് അവധി നല്‍കിയത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയായിരുന്നു. മേപ്പാടി, മുണ്ടക്കൈ മേഖലയിൽ രാത്രി കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുമുണ്ട്. ബാണാസുര സാഗർ ഡാം ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്നാണ് അറിയിപ്പ്. നിലവിൽ ഡാമിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്‍റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
Posted inKERALAM