മാൻഹോളിലെ മാലിന്യം നീക്കാനിറങ്ങിയുള്ള അപകടങ്ങൾ ഇനിയുണ്ടാകില്ല; കേരളത്തിന്‍റെ സ്വന്തം റോബോട്ട്‌ ഇതാ

മാൻഹോളിലെ മാലിന്യം നീക്കാനിറങ്ങിയുള്ള അപകടങ്ങൾ ഇനിയുണ്ടാകില്ല; കേരളത്തിന്‍റെ സ്വന്തം റോബോട്ട്‌ ഇതാ

കൊച്ചി: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻതോട്ടിൽ മാലിന്യം നീക്കാനിറങ്ങിയപ്പോൾ ജീവൻ നഷ്ടപ്പെട്ട ജോയിയെ നമ്മളാരും മറന്ന് കാണില്ല. അന്ന് അങ്ങനെയൊരു അപകടം ഉണ്ടായപ്പോൾ എല്ലാവരും ചോദിച്ച ചോദ്യമുണ്ട്. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഓടകളിലെ മാലിന്യം നീക്കാൻ മനുഷ്യർ തന്നെ ഇറങ്ങണമല്ലേയെന്നായിരുന്നു ആ ചോദ്യം. ഇപ്പോൾ അതിന് ഒരു ഉത്തരമായിരിക്കുകയാണ്. മാൻഹോളിൽ കുടുങ്ങിയവരെ കണ്ടെത്താനും മാലിന്യം നീക്കാനും ഇനി ബുദ്ധിമുട്ടേണ്ടതില്ല. ആ പണി ചെയ്യാൻ കേരളത്തിൽ റോബോട്ട് റെഡിയാണ്.

മികച്ച ഡ്രോണും മാലിന്യംമാറ്റൽ യന്ത്രവും അടങ്ങുന്നതാണ്‌ റോബോട്ട്‌. കാർബൺ ഫൈബർ ബോഡിയോടെ മൂന്നു ചക്രങ്ങളുള്ള യന്ത്രമാണ്‌ മാൻഹോളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ കൃത്യമായ വിവരം മോണിറ്ററിൽ അറിയിക്കുക. മാൻഹോളിനകത്തെ കാർബൺ മോണോക്‌സൈഡ്‌, മീഥയ്ൻ, അമോണിയ തുടങ്ങിയ വിഷവസ്‌തുക്കളെ റോബോട്ട്‌ കണ്ടെത്തി വിവരം നൽകും.

എത്ര ഇരുട്ടുള്ള സ്ഥലമായാലും 180 ഡിഗ്രി തിരിയുന്ന നാലു കാമറകളുമായി താഴേക്കിറങ്ങുന്ന ഡ്രോൺ കൃത്യമായ ദൃശ്യങ്ങൾ പകർത്തിനൽകും. മാൻഹോളിനകത്തെ തത്സമയദൃശ്യങ്ങൾ പുറത്തുള്ള സ്‌ക്രീനിൽ കാണാനും കഴിയും. 2014ൽ കുറ്റിപ്പുറം എംഇഎസ്‌ എൻജിനിയറിങ്‌ കോളേജിൽനിന്ന്‌ പഠിച്ചിറങ്ങിയ വിമൽ ഗോവിന്ദ്‌, എൻ പി നിഗിൽ, റാഷിദ്‌, അരുണ ദേവ്‌ എന്നിവർ ചേർന്നാണ്‌ മാൻഹോൾ ക്ലീനിങ്‌ റോബോട്ട്‌ ഒരുക്കിയത്‌.

ആമയിഴഞ്ചാൻതോട്ടിൽ ജോയിക്കായുള്ള തിരച്ചിലിന്‌ ഉപയോഗിച്ച പ്രധാന റോബോട്ടാണ്‌ ഇത്‌. കൂടുതൽ സംവിധാനങ്ങളോടെ റോബോട്ടിനെ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ നാൽവർസംഘം. 19 സംസ്ഥാനങ്ങളിലും മൂന്ന്‌ കേന്ദ്രഭരണപ്രദേശങ്ങളിലും മാൻഹോൾ ശുചീകരണത്തിനായി ഈ റോബോട്ട്‌ ഉപയോഗിക്കുന്നുണ്ട്‌.

കൊച്ചിയിൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസിൽ ഇവ പ്രദർശിപ്പിച്ചിരുന്നു. തോട്ടിപ്പണി പൂർണമായും ഇല്ലാതാക്കാൻ കേരളത്തിൽ തന്നെ വികസിപ്പിച്ചെടുത്ത ബാണ്ടിക്കൂട്ട് ഉൾപ്പെടെയുള്ള റോബോട്ടുകൾ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമായി എങ്ങനെ കേരളം മാറിയെന്നതിന്‍റെ രേഖയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ഒരു നൂതനമായ ആശയവുമായി വന്നാൽ സംസ്ഥാന സർക്കാർ എങ്ങനെയൊക്കെ സംരംഭകനെ സഹായിക്കുമെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ഈ എക്സിബിഷൻ ഹാളിലെ നിരവധി സ്റ്റാളുകൾ. പടിപടിയായുള്ള നമ്മുടെ മാറ്റം, നമ്മുടെ വളർച്ച. അതിലേക്കുള്ള അടുത്ത ചുവടുവെപ്പാണ് ഈ ഇന്‍റർനാഷണൽ റോബോട്ടിക്സ് കോൺഫറൻസെന്നും പി രാജീവ് പറയുന്നു.

കേരളത്തിലെ റോബോട്ടിക്സ് മേഖലയിൽ നിന്ന് ലോകവിപണിയിലേക്ക് കടന്നുവന്ന നിരവധി കമ്പനികളാണ് ആദ്യ ഇന്‍റനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുത്തത്. നിങ്ങളുടെ സംരംഭം നാടിന്‍റെ അഭിമാനമെന്ന മുദ്രാവാക്യം ഏറ്റവും ചേർന്നുനിൽക്കുന്ന ഒരു മേഖലയാണ് റോബോട്ടിക്സ് എന്ന് പി രാജീവ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *