മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ജോര്‍ജ് കുര്യന്‍; കേരള കോണ്‍ഗ്രസിനെ അടുപ്പിക്കാത്തെ സഭ; ബിജെപി നേതാവിന്റെ വരവില്‍ പാംപ്ലാനിക്കും കല്ലറങ്ങാടിനും വിമര്‍ശനം

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ജോര്‍ജ് കുര്യന്‍; കേരള കോണ്‍ഗ്രസിനെ അടുപ്പിക്കാത്തെ സഭ; ബിജെപി നേതാവിന്റെ വരവില്‍ പാംപ്ലാനിക്കും കല്ലറങ്ങാടിനും വിമര്‍ശനം

കേരള കോണ്‍ഗ്രസ് എംപിമാരെയും മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യനെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്രിസ്ത്യന്‍ വിശ്വാസികളാണ് ഇത്തരം ഒരു എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പാലായിലാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി നടക്കുന്നത്.

സഭാ നിയമപ്രകാരം അഞ്ചുവര്‍ഷത്തിലൊരിക്കലാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ചേരേണ്ടത്. 2016ലാണ് അവസാന അസംബ്ലി നടന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന വിവാദം കാരണമാണ് അഞ്ചുവര്‍ഷത്തിനു പകരം എട്ടാംവര്‍ഷം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാം സമ്മേളനം ആഗസ്റ്റ് 23ന് പാലായില്‍ തുടങ്ങിയത്.

സഭയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസുകളെ പ്രതിനിധീകരിക്കുന്ന രണ്ട് എം.പിമാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ട്. ജോസ് കെ. മാണിയും ഫ്രാന്‍സിസ് ജോര്‍ജും. വിവിധ കേരളകോണ്‍ഗ്രസുകളില്‍ നിന്നു നാലു എം.എല്‍.എമാര്‍ നിയമസഭയിലുണ്ട്. മന്ത്രിയായ റോഷി അഗസ്റ്റ്യനും ക്രൈസ്തവ വിശ്വാസിയാണ്. കോണ്‍ഗ്രസില്‍ നിരവധി ക്രിസ്ത്യന്‍ എംഎല്‍എമാരുമുണ്ട്. ര്‍. എന്നാല്‍, അവരെയൊക്കെ മറികടന്നു ഉദ്ഘാടന സമ്മേളന വേദിയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ എത്തിയതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. നാല്‍പതുവര്‍ഷമായി ആര്‍.എസ്.എസിന്റെ കറതീര്‍ന്ന പ്രവര്‍ത്തകനും സംഘപരിവാറിനായി ജീവിതം മാറ്റിവെച്ചതിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയ വ്യക്തിയുമാണ് ജോര്‍ജ് കുര്യനെന്ന് ഇവര്‍ ആരോപിക്കുന്നു.

സീറോമലബാര്‍ സഭയുടെ രാഷ്ടീയ വിഭാഗമെന്ന് അറിയപ്പെടുന്ന കേരള കോണ്‍ഗ്രസുകളുടെ നേതാക്കളെ ഒഴിവാക്കി കടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതു സഭക്കുള്ളില്‍തന്നെ കടുത്ത എതിര്‍പ്പുണ്ട്. തലശേരി ആര്‍ച്ചു ബിഷപ്പും സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനിയും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ജോര്‍ജു കുര്യനു പ്രമുഖസ്ഥാനം നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, അഞ്ച് ദശലക്ഷം സിറോമലബാര്‍ സഭാതനയരുടെ പ്രതിനിധികള്‍ കൂട്ടായ പ്രാര്‍ത്ഥനയുടെയും പഠനത്തിന്റേയും നിറവില്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി അവസാന ദിവസത്തേക്ക് അടുക്കുകയാണ്.. ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമടക്കം 348 അംഗങ്ങള്‍ പങ്കെടുക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *