മേപ്പാടിയിൽ എട്ട് മണിക്കൂറിനിടെ സംസ്കരിച്ചത് 15 മൃതദേഹങ്ങൾ; 75 പേരെ തിരിച്ചറിഞ്ഞു

മേപ്പാടിയിൽ എട്ട് മണിക്കൂറിനിടെ സംസ്കരിച്ചത് 15 മൃതദേഹങ്ങൾ; 75 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി: വീടുകൾ നിന്നിടത്ത് അടിഞ്ഞിരിക്കുന്ന ചളിയും വെള്ളവും നീക്കുമ്പോൾ ലഭിക്കുന്നത് മൃതദേഹങ്ങൾ, മേൽക്കൂര തകർന്ന വീടുകൾക്കുള്ളിലേക്ക് രക്ഷാപ്രവർത്തകരെത്തുമ്പോൾ കാണുന്നത് ജീവനറ്റ ശരീരങ്ങൾ, അക്ഷരാർഥത്തിൽ കരളലിയിക്കുന്ന കാഴ്ചയാണ് മുണ്ടക്കൈയിലേത്. മരണസംഖ്യ 150ലേക്ക് അടുക്കുമ്പോൾ ഇതുവരെ തിരിച്ചറിഞ്ഞത് 75 മൃതദേഹങ്ങളാണ്. അത്രത്തോളം ശരീരങ്ങൾ ഇനി തിരിച്ചറിയേണ്ടതുമുണ്ട്. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്മാശനം വിറങ്ങലിക്കുന്ന കാഴ്ചയാണ് ഇന്നലെ രാത്രി മുതൽക്ക് ഒരു നാട് സാക്ഷ്യം വഹിക്കുന്നത്. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്. രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ ഒരു നോക്ക് കാണാനായി നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ടുനിൽക്കാനാവതെ വിതുമ്പുകയാണ് ഒരുനാട് ഒന്നാകെ. സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഉരുൾപൊട്ടലിൽ മരിച്ച 35 പേരുടെ മൃതദേഹങ്ങൾ ഇതുവരെ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. 26 പേരുടേത്‌ എന്ന് സംശയിക്കുന്ന ശരീരഭാഗങ്ങളും വീണ്ടെടുത്തിട്ടുണ്ട്‌. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങളും, ശരീരഭാഗങ്ങളും മുണ്ടക്കൈയിൽ എത്തിക്കാനാണ് തീരുമാനം. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷ് ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം മേപ്പാടി സി എച്ച് സിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. നാടുകാണിചുരം വഴി മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ പി സുരേഷ് പറഞ്ഞു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ്‌ മോർട്ടം നടപടികൾ രാവിലെയോടെ പൂർത്തീകരിച്ചിരുന്നു. രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്. മേപ്പാടി സിയാ നസ്റിൻ (11), ചൂരമല ആമക്കുഴിയിൽ മിൻഹാ ഫാത്തിമ (14) എന്നിവരെയാണ് ഇതുവരെ തിരച്ചറിഞ്ഞത്. ഇവരെ ബന്ധുക്കൾ ഏറ്റുവാങ്ങി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *