
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാൽ ഓഗസ്റ്റ് 10ന് രാവിലെ 10 മണി മുതല്‍ വയനാട് ജില്ലയില്‍ ഗതാഗത നിയന്ത്രണം. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ. ടാക്‌സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ – കൈനാട്ടി ബൈപാസ് ജങ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണെന്ന് ജില്ലാ കളക്ടർ ഡി ആര്‍ മേഘശ്രീ അറിയിച്ചു.