‘യാത്രകളില്‍ ജാഗ്രത പാലിക്കുക’; ലെബനനിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

‘യാത്രകളില്‍ ജാഗ്രത പാലിക്കുക’; ലെബനനിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലെബനനിലുള്ള ഇന്ത്യാക്കാര്‍ക്കും ലെബനന്‍ സന്ദര്‍ശിക്കാനിരിക്കുന്ന പൗരന്മാര്‍ക്കും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ലെബനനിലൂടെയുള്ള യാത്രകളില്‍ ജാഗ്രത പാലിക്കണമെന്നും ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നത് പരിഗണിച്ചാണ് മുന്നറിയിപ്പ്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷമാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാക്കുന്നത്. ശനിയാഴ്ച ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാന്‍ കുന്നുകളില്‍ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കുട്ടികളടക്കം 12 കൗമാരക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയിരുന്നു. എങ്ങനെ, ഏതു തരത്തിലുള്ള ആക്രമണം വേണമെന്ന് നെതന്യാഹുവിന് തീരുമാനിക്കാമെന്നാണ് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയിട്ടുള്ളത്.മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തതിന്റെ പശ്ചാത്തലത്തില്‍, ബെയ്‌റൂട്ട് വിമാനത്താവളത്തിലേക്കും അവിടെ നിന്നുമുള്ള എല്ലാ വിമാനങ്ങളും ഇന്നലെ റദ്ദാക്കിയിരുന്നു. ഇന്‍ഷുറന്‍സ് റിസ്‌ക് കണക്കിലെടുത്താണ് നടപടി. തിങ്കളാഴ്ചയും ബെയ്‌റൂട്ട് വിമാനത്താവളത്തിലേക്കുള്ള നിരവധി വിമാനങ്ങള്‍ വൈകുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *